തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങള്‍ക്കായി ജാഗ്രത നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്. കെട്ടിക്കിടക്കുന്ന വെള്ളത്തിലും ചെളിയിലും ഇറങ്ങുന്നവർ ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി.
നിരവധി പകർച്ചവ്യാധികള്‍ സമൂഹത്തിൽ പടർന്നു പിടിക്കുന്ന സാഹചര്യമാണ് നിലവിലുളളത്. മഴ തുടരുന്നതിനാല്‍ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കും സാധ്യതയുണ്ട്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൊതുകിന്‍റെ ഉറവിടങ്ങള്‍ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
എലിപ്പനി പ്രതിരോധം വളരെ പ്രധാനമാണ്. കഴിവതും ചെളിയിലോ മലിന ജലത്തിലോ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലോ ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. അഥവാ ഇറങ്ങേണ്ടി വന്നാല്‍ കൈകാലുകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. വെള്ളത്തിലിറങ്ങുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം.
കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ കുട്ടികള്‍ കളിക്കുകയോ കുളിക്കുകയോ ചെയ്യരുത്. വയറിളക്ക രോഗങ്ങള്‍ക്കെതിരെയും ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. ആഹാരവും വെള്ളവും അടച്ച് സൂക്ഷിക്കണം. മഴവെള്ളത്തില്‍ കുതിര്‍ന്ന ഭക്ഷണം കഴിക്കരുത്. പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ല. എത്രയും വേഗം ചികിത്സ തേടണമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
ALSO READ: കേരളത്തിൽ വീണ്ടും പ്രളയം? ലാ നിന പ്രതിഭാസവും പോസിറ്റീവ് ഐഒഡി പ്രതിഭാസവും ഒരുമിച്ചെത്തുമെന്ന് പ്രവചനം; പ്രതിരോധത്തിന് മുന്നറിയിപ്പ്