തിരുവനന്തപുരം: കനത്ത മഴയിൽ തലസ്ഥാനത്ത് വെള്ളക്കെട്ട്. കണ്ണമ്മൂല, ആമയിഴഞ്ചാൻ തൊടുകൾ മണിക്കൂറുകൾ നീണ്ട മഴയിൽ കര കവിഞ്ഞതോടെ ഗൗരിശപട്ടം, മുറിഞ്ഞപാലം, കുഴിവയൽ പ്രദേശങ്ങളിലെ വീടുകളിലും റോഡിലും വെള്ളം കയറി. ഗൗരീശപട്ടത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി പേരെ ദുരിതശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
കുന്നുകുഴി യുപിഎസ് സ്‌കൂളിലേക്കാണ് മാറ്റിയത്. പാറ്റൂർ, ചാക്ക എന്നിവിടങ്ങളിൽ റോഡിലുണ്ടായ വെള്ളക്കെട്ടിൽ ഗതാഗതവും തടസപ്പെട്ടു. പട്ടം തോടും കരകവിഞ്ഞു. കനത്ത മഴയിൽ കഴിഞ്ഞ ദിവസം 67 വർഷം പഴക്കമുള്ള കൈത്തrറി യൂണിറ്റും പൂർണമായി തകർന്നിരുന്നു. വീടുകളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഫയർ ഫോഴ്‌സിന്‍റെ നേതൃത്വത്തിൽ ജനങ്ങളെ ദുരിതശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. മഴ ശക്തമായി തന്നെ തുടർന്നാൽ രാത്രിയോടെ കുന്നുകുഴി ബണ്ട് പ്രദേശത്തെ വീടുകളിലും വെള്ളം കയറും.