കോട്ടയത്ത് ശക്തമായ മഴ തുടരുന്നു (ETV Bharat) കോട്ടയം :കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ. വാഗമൺ ഈരാറ്റുപേട്ട റോഡിൽ കല്ലത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. ജില്ലയിൽ കൂട്ടിക്കൽ അടക്കമുള്ള മലയോര മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു.
ജില്ലയിലെ നഗര പ്രദേശങ്ങളിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. പാലാ, ഈരാറ്റുപേട്ട, കോട്ടയം നഗരങ്ങളിലാണ് വെള്ളക്കെട്ട്. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്‌ടർ വി വിഗ്നേശ്വരി അറിയിച്ചു.
കനത്ത മഴയിലും കാറ്റിലും വീടിന്‍റെ മേൽക്കൂര തകർന്നു. കോട്ടയം നട്ടാശേരി മാലിമേൽ രാധാകൃഷ്‌ണൻ നായരുടെ വീടാണ് കനത്ത മഴയിലും കാറ്റിലും തകർന്നത്. വീടിന്‍റെ മേൽക്കൂര പൂർണമായും തകർന്നിട്ടുണ്ട്. ശബ്‌ദം കേട്ട് രാധാകൃഷ്‌ണനും സഹോദരി ചന്ദ്രികയും വീടിനുള്ളിൽ നിന്ന് ഓടി മാറിയതുകൊണ്ട് വലിയ അപകടമാണ് ഒഴിവായത്.
പലയിടത്തും മരം വീണ് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അതേസമയം ആളപായം ഉണ്ടായിട്ടില്ല. ഫയർഫോഴ്‌സ് എത്തി മരങ്ങൾ മുറിച്ചുമാറ്റി. അതിതീവ്ര മഴയെ തുടർന്ന് ജില്ല കലക്‌ടർ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴ തുടർന്നാൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നുണ്ട്. പാലാ സിവിൽ സ്റ്റേഷന് സമീപത്തെ അംഗൻവാടിയിൽ വെള്ളം കയറി. തുടർന്ന് കുട്ടികളെ കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ചു. പാലായിൽ റോഡുകളിൽ വെള്ളം കയറി.
Also Read: കൊച്ചിയിൽ മേഘ വിസ്ഫോടനമെന്ന് സൂചന; ഒന്നര മണിക്കൂറിൽ പെയ്‌തത് 98 മില്ലി മീറ്റർ മഴ