ഇടുക്കി :ഇടുക്കിയില്‍ കനത്ത മഴ തുടരുന്നു. വെള്ളിയാമറ്റം പഞ്ചായത്തില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശത്ത് നിന്നും ആളുകളെ മാറ്റി. രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ വെള്ളിയാമറ്റത്ത് തുറന്നിട്ടുണ്ട്. പന്നിമറ്റം എല്‍പി സ്‌കൂളിലും വെള്ളിയാമറ്റം ഹയര്‍സെക്കൻഡറി സ്‌കൂളിലുമാണ് ക്യാമ്പുകള്‍ തുറന്നിരിക്കുന്നത്. ഇവിടേക്ക് നാലു കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.
വൃഷ്‌ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാല്‍ മലങ്കര ഡാമിന്‍റെ നാല് ഷട്ടറുകള്‍ രണ്ടു മീറ്റര്‍ വീതം ഉയര്‍ത്താന്‍ ജില്ല കലക്‌ടര്‍ അനുമതി നല്‍കി. മുവാറ്റുപുഴ തൊടുപുഴയാറുകളുടെ തീര പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. പരമാവധി ജലനിരപ്പായ 41.50 മീറ്റര്‍ എത്തുന്ന സാഹചര്യമുണ്ടായാലാണ് രണ്ടു മീറ്റര്‍ വീതം ഷട്ടറുകള്‍ ഉയര്‍ത്തുക. നിലവില്‍ നാല് ഷട്ടറുകളും ഒരുമീറ്റര്‍ വീതം ഉയര്‍ത്തിവച്ചിരിക്കുകയാണ്.
ഇടുക്കി തൊടുപുഴയിൽ ശക്തമായ മഴയിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും അനുഭവപ്പെട്ടു. കരിപ്പലങ്ങാട് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കുടുങ്ങിക്കിടന്ന ആളെ രക്ഷപ്പെടുത്തി. തൊടുപുഴ പുളിയന്മല സംസ്ഥാന പാതയിൽ മണ്ണിടിഞ്ഞതോടെ ഗതാഗതം തടസപ്പെട്ടു. പ്രദേശം മന്ത്രി റോഷി അഗസ്‌റ്റിന്‍ സന്ദർശിച്ചു. മൂലമറ്റം താഴ്വാരം കോളനിയിൽ മലവെള്ളപ്പാച്ചിലിനെ തുടർന്ന് തോട് കരകവിഞ്ഞൊഴുകി.