എറണാകുളം :കേരള യൂണിവേഴ്‌സിറ്റി കലോത്സവ ഗ്രേസ് മാർക്ക് തട്ടിപ്പിൽ ഇടപെട്ട് ഹൈക്കോടതി. ആറ് ഗ്രൂപ്പിനങ്ങൾക്ക് ഗ്രേസ് മാർക്കും സർട്ടിഫിക്കറ്റും നൽകുന്നത് കോടതി താത്‌കാലികമായി തടഞ്ഞു. വിധി നിർണായകമടക്കം വിവാദമായ ഇക്കഴിഞ്ഞ കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിലെ ഗ്രൂപ്പിന മത്സരാർഥികൾക്ക് ഗ്രേസ് മാർക്കും മെറിറ്റ് സർട്ടിഫിക്കറ്റും നൽകുന്നതാണ് ഹൈക്കോടതി താത്‌കാലികമായി തടഞ്ഞ് ഇടക്കാല സ്റ്റേ ഉത്തരവിറക്കിയത്.
മാറാനല്ലൂർ ക്രൈസ്റ്റ് നഗർ കോളജ് വിദ്യാർഥി അശ്വിൻ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. ക്രമക്കേട് ആരോപിച്ച ആറ് ഗ്രൂപ്പ് മത്സരയിനങ്ങൾക്കാണ് സ്റ്റേ ബാധകമാകുക. വഞ്ചിപ്പാട്ട്, കോൽക്കളി, ദഫ് മുട്ട്, ഒപ്പന, വൃന്ദവാദ്യം, മാർഗംകളി, സമൂഹ ഗാനം എന്നിവയിൽ പങ്കെടുത്ത 72 കോളജ് ടീമുകൾക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നൽകി തിരിമറി നടത്തുകയും 800 - ഓളം വിദ്യാർഥികൾക്ക് കൂട്ടത്തോടെ ഒന്നിച്ച് ഗ്രേസ് മാർക്ക് നൽകുകയുമായിരുന്നു ലക്ഷ്യം.