എറണാകുളം: കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കെത്തിയ എംഎല്‍എ ഉമ തോമസ് സ്റ്റേജില്‍ നിന്നും വീണ് പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട കേസിലെ രണ്ട് പ്രതികളോടും കീഴടങ്ങാൻ നിര്‍ദേശിച്ച് ഹൈക്കോടതി. പ്രതികളായ ഹർജിക്കാരോട് വ്യാഴാഴ്‌ച (ജനുവരി 2) കീഴടങ്ങാനാണ് ഹൈക്കോടതി നിർദേശം. സംഘാടകരായ മൃദംഗ വിഷൻ ചുമതലക്കാരൻ നിഗോഷ് കുമാർ, ഓസ്‌കാർ ഇവന്‍റ്സ് മാനേജ്മെന്‍റ് നടത്തിപ്പുക്കാരൻ ജിനേഷ് കുമാർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകൾ തീർപ്പാക്കിയാണ് ഹൈക്കോടതി നിർദേശം.
വ്യാഴാഴ്‌ച ഉച്ചയ്ക്ക് 2 മണിക്ക് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങണം. അതിന് തയ്യാറാകാത്ത പക്ഷം പൊലീസിന് അറസ്റ്റ് ചെയ്യാമെന്നും കോടതി ഉത്തരവിട്ടു. രാവിലെ മുൻകൂർ ജാമ്യാപേക്ഷകൾ പരിഗണിച്ചെങ്കിലും സർക്കാർ വിശദീകരണം തേടി കേസ് മാറ്റുകയായിരുന്നു.