എറണാകുളം : ആലുവയിൽ വീട്ടിൽ നിന്നും പൊലീസ് തോക്കുകൾ പിടികൂടി. മാഞ്ഞാലി സ്വദേശി റിയാസിൻ്റെ വീട്ടിൽ നിന്നുമാണ് നാല് തോക്കുകളും പണവും പിടിച്ചെടുത്തത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകം ഉൾപ്പടെ നിരവധി കേസിൽ പ്രതിയാണ് റിയാസ്.
നിലവിൽ ഇയാൾ ജാമ്യത്തിലാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ആലുവ റൂറൽ പൊലീസ് റിയാസിൻ്റെ വീട്ടിൽ പരിശോധ നടത്തിയത്. പിടികൂടിയ തോക്കുകൾ ലൈസൻസ് ഇല്ലാതെ അനധികൃതമായാണ് ഇയാൾ കൈകാര്യം ചെയ്‌തിരുന്നത്.
ആയുധ നിരോധന നിയമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കും. പ്രതിയെ ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി ചോദ്യം ചെയ്യുകയാണ്. ആലുവ റൂറൽ എസ്‌പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള സംഘമാണ് റിയാസിനെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്ക് ഗുണ്ട സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.
നിലവിൽ ഇയാൾ ആയുധങ്ങൾ ശേഖരിച്ചത് ഏതെങ്കിലും പ്രത്യേക കുറ്റകൃത്യത്തിൽ ഏർപ്പെടാൻ വേണ്ടിയാണോയെന്നും പൊലീസ് പരിശോധിച്ച് വരികയാണ്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. മറ്റു കേസുകളിൽ നൽകിയ ജാമ്യം റദ്ദാക്കാനും പൊലീസ് കോടതിയിൽ അപേക്ഷ നൽകും.
ALSO READ:തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട: 12 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി