നെയ്യാറ്റിൻകരയിൽ ഗുണ്ട ആക്രമണം (ETV Bharat Network) തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഗുണ്ട ആക്രമണം. രാത്രിയുടെ മറവിൽ ലഹരിയിൽ അഴിഞ്ഞാടിയ ഗുണ്ടാസംഘം വഴിയാത്രക്കാരെയും വീടും ആക്രമിച്ചു. ആക്രമണത്തിൽ അമ്പൂരി സ്വദേശിയായ പാസ്റ്റർ അരുണിന് വെട്ടേറ്റു. കൺസ്യൂമർഫെഡ് ജീവനക്കാരിയായ സരിതയെയും ഭർത്താവിനെയും സംഘം ആക്രമിച്ചു.
പ്രദേശത്തെ സ്ഥിരം പ്രശ്‌നക്കാരായ ഗുണ്ട സംഘമാണ് ആക്രമത്തിന് പിന്നിൽ. ആഭിൻ റോയി, വിഷ്‌ണു എന്നിവരും പ്രായപൂർത്തിയാവാത്ത യുവാവും അടങ്ങിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. സംഭവത്തിൽ ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തയാണ് സൂചന. ആഭിൻ റോയി, വിഷ്‌ണു എന്നിവർക്കായുള്ള തെരച്ചിൽ തുടരുന്നതായി പൊലീസ് പറഞ്ഞു.
വെള്ളറട കണ്ണന്നൂരിൽ ചൊവ്വാഴ്‌ച (മെയ് 14) രാത്രിയാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെ റോഡിലൂടെ പോകുന്നവരെ ലഹരി സംഘം ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ അരുണിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുണ്ട സംഘം ഇരുചക്രവാഹനക്കാരെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
സരിതയും ഭർത്താവിനെയും ആക്രമിക്കുന്നത് ചോദ്യം ചെയ്‌ത ജയകുമാറിന്‍റെ വീടിന് നേരെയും ആക്രമണം നടത്തി. ജയകുമാറിന്‍റെ സ്‌കൂട്ടർ തകർത്ത് ഇതിൽ സൂക്ഷിച്ചിരുന്ന പണവും സംഘം കവർന്നു. ജയകുമാറിന്‍റെ വീടിന്‍റെ ജനൽ ചില്ലുകൾ പൊട്ടിച്ചു. നാട്ടുകാർ വിവരമറിഞ്ഞ് എത്തുമ്പോഴേക്കും സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.
Also Read: ആലുവയിൽ ഗുണ്ട ആക്രമണം: മുൻ പഞ്ചായത്ത് മെമ്പറെ വെട്ടിപ്പരിക്കേൽപ്പിച്ചു, ആറു പേർക്ക് പരിക്ക്; നാല് പേർ പിടിയിൽ