എറണാകുളം: കത്രിക്കടവിലെ ഇടശ്ശേരി ബാറിലുണ്ടായ വെടിവെപ്പില്‍ ബാർ ഉടമക്കെതിരെ കേസെടുത്തു. അനുവദിച്ച സമയത്തിന് ശേഷവും മദ്യവില്‍പ്പന നടത്തിയതിനാണ് കേസ്. രാത്രി പതിനൊന്ന് മണിക്ക് ശേഷം ഈ ബാറിൽ മദ്യവില്‍പ്പന നടത്തിയെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. ഇതേ തുടർന്നാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.
അബ്‌കാരി നിയമങ്ങൾ ലംഘിച്ച് മദ്യവില്‍പ്പന നടത്തിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. അതേസമയം ബാറിലെ വെടിവെപ്പിലെ മുഖ്യപ്രതിയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇയാൾ സംസ്ഥാനം വിട്ടതായാണ് പൊലീസ് സംശയിക്കുന്നത് (Gun Attack In Kochi Edassery Bar Updates).
കേസില്‍ പിടിയിലായ മൂന്ന് പ്രതികളെ റിമാന്‍റ് ചെയ്‌തിരുന്നു. വിജയ് ജോസ്, ഷമീർ, ദിൽഷൻ ബോസ് എന്നീ പ്രതികളാണ് റിമാന്‍റിൽ കഴിയുന്നത്. സംഭവത്തിൽ രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ട്. പ്രതികളെത്തിയ കാർ മൂവാറ്റുപുഴ മുടവൂരില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മൂവാറ്റുപുഴയിലെ റെന്‍റ് കാർ സ്ഥാപനത്തിൽ നിന്നും വാടകയ്ക്ക് എടുത്തതായിരുന്നു ഈ കാർ.
കൊച്ചിയിൽ ഞായറാഴ്‌ച രാത്രി പതിനൊന്ന് മണിക്ക് ശേഷമായിരുന്നു കത്രിക്കടവിലെ ഇടശ്ശേരി ബാറില്‍ വെടിവെപ്പുണ്ടായത്. മദ്യം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഒരു സംഘം ബാർ മാനേജറെ ക്രൂരമായി മർദ്ദിക്കുകയും, തടയാൻ ശ്രമിച്ച ജീവനക്കാർക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു.
7.62 എംഎം പിസ്റ്റൾ ഉയോഗിച്ചായിരുന്നു വെടിയുതിർത്തത്. ബാർ ജീവനക്കാരായ സുജിൻ ജോൺസൺ, അഖിൽനാഥ് എന്നിവർക്കാണ് വെടിയേറ്റത്. ഇതിനുശേഷം പ്രതികൾ കാറിൽ കയറി കടന്നുകളയുകയായിരുന്നു. വെടിയേറ്റവരിൽ ഒരാൾ സ്വകാര്യ ആശുപത്രിയിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഒരാൾക്ക് വയറിനും രണ്ടാമത്തെയാൾക്ക് കാലിനുമാണ് പരിക്കേറ്റത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. ബാറിന്‍റെ പ്രവർത്തന സമയം കഴിഞ്ഞതിന് ശേഷമെത്തിയ സംഘം മദ്യം ആവശ്യപ്പെടുകയും തുടർന്ന് ബാറിന് പുറത്ത് വെച്ച് മാനേജറുമായി വാക്ക് തർക്കത്തിലേർപ്പെടുകയും മർദ്ദിക്കുകയായിരുന്നു. ഇതിനിടെ ബാറിൽ നിന്നും മടങ്ങുകയായിരുന്ന ജീവനക്കാർ തടയാൻ ശ്രമിച്ചതോടെ സംഘത്തിലുണ്ടായിരുന്ന ഒരാൾ വെടിവെക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റവർ പൊലീസിനെ അറിയിച്ചത്. എറണാകുളം നോർത്ത് പൊലീസിനാണ് കേസന്വേഷണ ചുമതല.