തിരുവനന്തപുരം: ആർഎസ്എസ് മനസുള്ള കോൺഗ്രസുകാരനാണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരെന്ന് മന്ത്രി ജി ആർ അനിൽ. പന്ന്യൻ രവീന്ദ്രൻ എന്തിന് മത്സരിക്കുന്നുവെന്നാണ് തരൂർ ചോദിക്കുന്നത്. തെരഞ്ഞെടുപ്പിൽ ജയിക്കാനാണ് മത്സരിക്കുന്നതെന്ന് വോട്ട് എണ്ണി കഴിയുമ്പോൾ അദ്ദേഹത്തിന് ബോധ്യപ്പെടുമെന്നും ജി ആർ അനിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിമാനത്തിലെ ഇക്കണോമി ക്ലാസ് കന്നുകാലി ക്ലാസെന്ന് അധിക്ഷേപിക്കുകയും അതിലെ യാത്രക്കാരെ കന്നുകാലികളോട് ഉപമിക്കുകയും ചെയ്‌ത മാനസികാവസ്ഥയാണ് തരൂരിന്‍റേത്. കോൺഗ്രസ് പ്രവർത്തകർ തന്നെ കയ്യൊഴിഞ്ഞ സ്ഥാനാർഥിയാണ് ശശി തരൂർ. അദ്ദേഹത്തിന് പലയിടത്തും സ്വന്തം പ്രവർത്തകരുടെ രോഷപ്രകടനം നേരിടേണ്ടി വന്നിട്ടുണ്ട്.
ബിജെപിയെ തെരഞ്ഞെടുപ്പ് രംഗത്ത് പ്രധാന ശക്തിയായി അവതരിപ്പിക്കാനാണ് ശശി തരൂർ ശ്രമിക്കുന്നത്. ആർഎസ്എസ് നേതാക്കളെ പോലും അതിശയിപ്പിക്കുന്ന വർഗീയ വിഷം തുപ്പുന്ന പ്രസ്‌താവനകൾ മുൻപും നടത്തിയിട്ടുണ്ട്. ബാബറി മസ്‌ജിദ് മുസ്ലിം സമുദായം അന്തസായി പൊളിച്ചുനീക്കണമെന്ന അദ്ദേഹത്തിന്‍റെ പ്രസ്‌താവന ഇതിന് ഉദാഹരണമാണ്.
അടുത്തിടെ സ്ഥാനാർഥിയാകുന്നതിന് മുൻപ് ചാനൽ അഭിമുഖത്തിൽ അടുത്ത പ്രധാനമന്ത്രി ആരെന്ന ചോദ്യത്തിന് ഒരു നിമിഷം ചിന്തിക്കാതെയാണ് തരൂർ നരേന്ദ്രമോദിയെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. ആർഎസ്എസിന്‍റെ മനസുമായി നടക്കുകയും മതനിരപേക്ഷ ശക്തികളുടെ ബിജെപി വിരുദ്ധ വോട്ടുകൾ നേടി തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് അദ്ദേഹത്തിന്‍റേത്.
മതനിരപേക്ഷ വോട്ടുകളും ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകളും നേടുന്നതിന് വേണ്ടിയുള്ള പഴയ തന്ത്രമാണ് ഈ തെരഞ്ഞെടുപ്പിലും ശശി തരൂർ പയറ്റുന്നത്. ശശി തരൂർ ബിജെപിയിൽ ചേരാൻ ചർച്ചകൾ നടത്തിയെന്ന മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവും തിരുവനന്തപുരത്തെ സ്വതന്ത്ര സ്ഥാനാർഥിയുമായ വ്യക്തി നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ 15 വർഷക്കാലം തിരുവനന്തപുരത്തിന് വേണ്ടി ഒന്നും ചെയ്‌തിട്ടില്ല. തിരുവനന്തപുരം വിമാനത്താവളം, ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലിമിറ്റഡ് എന്നിവയുടെ സ്വകാര്യവത്ക്കരണം ചെറുക്കാൻ തരൂർ എന്താണ് ചെയ്‌തത്? ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെതിരെയും ജി ആർ അനിൽ രൂക്ഷവിമർശനം ഉന്നയിച്ചു.