കേരളം

kerala

ETV Bharat / state

'ചിന്നക്കനാല്‍ റിസര്‍വ്'; സംരക്ഷിത വനം വിജ്ഞാപനം റദ്ദാക്കാതെ സര്‍ക്കാര്‍, നടപടികള്‍ നിര്‍ത്തിവച്ചതായി വിവരവകാശ രേഖ - ചിന്നക്കനാല്‍ റിസര്‍വ്

ചിന്നക്കനാലില്‍ സംരക്ഷിത വനം വിജ്ഞാപനം റദ്ദാക്കാതെ സര്‍ക്കാര്‍. നടപടികള്‍ താത്‌കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് വിവരവകാശ രേഖ. വിജ്ഞാപനം റദ്ദാക്കിയെന്ന വനം വകുപ്പ് മന്ത്രിയുടെ വാദം തെറ്റ്. വിജ്‌ഞാപനം റദ്ദ് ചെയ്‌ത് പുനർ വിജ്ഞാപനം ഇറക്കണമെന്ന് നാട്ടുകാര്‍.

Chinnakanal Reserve  Govt Not Canceled Chinnakal Reserve  Chinnakal Reserve Notification  ചിന്നക്കനാല്‍ റിസര്‍വ്  സംരക്ഷിത വനം വിജ്ഞാപനം ഇടുക്കി
Forest Department Temporarily Freeze Further Proceedings Of Chinnakanal Reserve

By ETV Bharat Kerala Team

Published : Feb 23, 2024, 12:14 PM IST

സംരക്ഷിത വനം വിജ്ഞാപനം റദ്ദാക്കാതെ സര്‍ക്കാര്‍

ഇടുക്കി: ചിന്നക്കനാല്‍ വില്ലേജിലെ 7,8 ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന 364.89 ഹെക്‌ടര്‍ ഭൂമി സംരക്ഷിത വനമാക്കി കൊണ്ടുള്ള കരട് വിജ്ഞാപനം റദ്ദാക്കാതെ സര്‍ക്കാര്‍. വിജ്ഞാപനം ഇറങ്ങി അഞ്ച് മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ റദ്ദാക്കിയില്ലെന്ന് വിവരാവകാശ രേഖ. പുതിയ സംരക്ഷിത വനമുണ്ടാകില്ലെന്ന് സര്‍ക്കാരും ഭരണകക്ഷി നേതാക്കളും പറയുമ്പോഴും വിജ്ഞാപനം റദ്ദാക്കാനുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നതാണ് വാസ്‌തവം.

വിജ്ഞാപനം മരവിപ്പിച്ചെന്നായിരുന്നു നേരത്തെ വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ നേരത്തെ പറഞ്ഞത്. എന്നാല്‍, തുടര്‍ നടപടികള്‍ തത്‌കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണെന്ന് വനം വന്യജീവി വകുപ്പ് അണ്ടര്‍ സെക്രട്ടറിയുടെ ഓഫിസില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖയിലുള്ളത് (Chinnakanal Reserve Notification).

2023 സെപ്റ്റംബർ 20നാണ് 'ചിന്നക്കനാൽ റിസർവ്' എന്ന പേരിൽ പുതിയ സംരക്ഷിത വനം പ്രഖ്യാപിച്ച് സർക്കാർ കരട് വിജ്ഞാപനം ഇറക്കിയത്. ദേവികുളം ആർഡിഒയെ സെറ്റിൽമെൻ്റ് ഓഫിസറായി നിയമിക്കുകയും ചെയ്‌തിരുന്നു. സ്ഥല പരിശോധന, പരാതികളിൽ അന്തിമ തീരുമാനം, കോടതിയിൽ അപ്പീൽ സമർപ്പിക്കാനുള്ള സമയപരിധി, നഷ്‌ട പരിഹാരം തുടങ്ങിയ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള പദ്ധതി രൂപരേഖ മൂന്നാർ ഡിഎഫ്ഒ, ദേവികുളം ആർഡിഒ എന്നിവർക്ക് പ്രിൻസിപ്പൽ ചീഫ് ഫോറസ്‌റ്റ് കൺസർവേറ്റർ നവംബറിൽ കൈമാറി (Chinnakanal Reserve).

വന നിയമത്തിലെ (1961) സെക്‌ഷൻ 4 പ്രകാരമാണ് ബ്ലോക്ക് 7ലെ 83.32 ഹെക്‌ടർ സ്‌ഥലവും ബ്ലോക്ക് 8 ലെ 281.57 ഹെക്‌ടർ സ്‌ഥലവും സംരക്ഷിത വനമാക്കി വിജ്‌ഞാപനമിറങ്ങിയത്. ആനയിറങ്കൽ ജലാശയത്തിൻ്റെ വൃഷ്‌ടി പ്രദേശം കൂടി ഉൾപ്പെടുന്ന ഈ സ്ഥലത്ത് കാട്ടാനയും മറ്റ് വന്യമൃഗങ്ങളും അധിവസിക്കുന്നുണ്ടെന്ന് കാട്ടിയാണ് സംരക്ഷിത വനമായി പ്രഖ്യാപിച്ചതെന്നാണ് വനംവകുപ്പിൻ്റെ വാദം.

നവകേരള സദസ് ജില്ലയിലെത്തുന്നതിന് മുമ്പായി ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാൻ വിജ്ഞാപനം മരവിപ്പിച്ചെന്ന് പറഞ്ഞ് മന്ത്രിയും സർക്കാരും തലയൂരുകയായിരുന്നു. എന്നാല്‍ രാജ്യാന്തര വനവത്‌കരണ പദ്ധതിയായ എച്ച്ആർഎംഎൽ നിർത്തി വച്ചുവെന്ന് പറഞ്ഞ ഇടതുപക്ഷം വിദേശ ഫണ്ട് സ്വീകരിച്ച് വനവിസ്‌തൃതി വർധിപ്പിക്കാനാണ് ശ്രമിക്കുന്നത് എന്നും നിലവിൽ ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

ദുരിതത്തില്‍ വലഞ്ഞ് ചിന്നക്കനാല്‍:വനമേഖലയായ ചിന്നക്കനാലിലെ ജനവാസ മേഖലയില്‍ നിരന്തരം വന്യമൃഗ ശല്യം രൂക്ഷമാണ്. വന്യമൃഗ ശല്യത്തില്‍ ആശങ്ക പേറുകയാണെങ്കിലും ചിന്നക്കനാലില്‍ സംരക്ഷിത വന വിജ്ഞാപനം റദ്ദ് ചെയ്‌ത് പുനര്‍ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

കേരളം മാത്രം പോര കേന്ദ്രവും കനിയണം:ചിന്നക്കനാൽ സംരക്ഷിത വന വിജ്‌ഞാപനം റദ്ദ് ചെയ്‌ത് പുനർ വിജ്ഞാപനമിറക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവിശ്യപ്പെട്ടു. അതേസമയം വന നിയമ പ്രകാരം സംരക്ഷിത വനമായി വിജ്ഞാപനം ചെയ്‌ത സ്ഥലം പുനര്‍ വിജ്ഞാപനം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് മാത്രം കഴിയില്ല. കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചനകള്‍ നടത്തി തീരുമാനം കൈകൊണ്ടാല്‍ മാത്രമെ പുനര്‍ വിജ്ഞാപനം സാധ്യമാകുകയുള്ളൂ.

ABOUT THE AUTHOR

...view details