തിരുവനന്തപുരം:സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പ്രതിസന്ധിക്ക് അഞ്ചാം ദിവസവും പരിഹാരമായില്ല. ഇന്ന് (മാര്‍ച്ച് 5) അധ്യാപകര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ശമ്പളം ലഭിക്കേണ്ടത്. ഇന്നലെ (മാര്‍ച്ച് 4) ശമ്പളം ലഭിക്കേണ്ട പൊലീസ്, എക്‌സൈസ്, റവന്യൂ, സെക്രട്ടറിയേറ്റ് ജീവനക്കാരില്‍ പലര്‍ക്കും രാത്രി ഏറെ വൈകിയും ശമ്പളം ലഭിച്ചിട്ടില്ല.
അഞ്ചാം ദിനവും ശമ്പളമില്ല; പ്രതിസന്ധിയില്‍ വലഞ്ഞ് സര്‍ക്കാര്‍ ജീവനക്കാര്‍, സമരം ഇന്നും തുടരും
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം മുടങ്ങിയിട്ട് ഇന്നേക്ക് അഞ്ച് ദിവസം. ട്രഷറി അക്കൗണ്ടില്‍ ശമ്പള തുക ലഭിച്ചവര്‍ക്ക് പിന്‍വലിക്കാനാകുന്നില്ല. നിരാഹാര സമരം തുടരുമെന്നാണ് സര്‍വീസ് സംഘടന നേതാക്കള്‍.
Published : Mar 5, 2024, 12:07 PM IST
ട്രഷറി അക്കൗണ്ടില്‍ ശമ്പള തുക ലഭിച്ചവര്‍ക്കാണ് പണം പിന്‍വലിക്കാനാകാത്തത്. അതേസമയം, ട്രഷറി അക്കൗണ്ടില്‍ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് തുക മാറ്റിയവര്‍ക്ക് പണം പിന്‍വലിക്കുന്നതില്‍ പരിധിയില്ല. ചരിത്രത്തിലാദ്യമായി ശമ്പളം മുടങ്ങിയതില്‍ ജീവനക്കാരുടെ സംഘടനയായ ആക്ഷന്‍ കൗണ്‍സിലും കേരള എന്‍ജിഒ അസോസിയേഷനും നിരാഹാര സമരം ഇന്നും തുടരുകയാണ്.
പ്രതിസന്ധി പൂര്‍ണമായും പരിഹരിച്ച് മുഴുവന്‍ ജീവനകാര്‍ക്കും ശമ്പളം നല്‍കുന്നത് വരെ നിരാഹാര സമരം തുടരുമെന്നാണ് സര്‍വീസ് സംഘടന നേതാക്കള്‍ അറിയിക്കുന്നത്. ഇന്നലെ ആരംഭിച്ച നിരാഹാര സമരം പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഉദ്ഘാടനം ചെയ്‌തത്. സംഭവത്തില്‍ പ്രതിഷേധിച്ച് ട്രഷറിയിലേക്ക് ജീവനക്കാര്‍ പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.