കേരളം

kerala

ETV Bharat / state

കേരളത്തിന് വിദേശകാര്യ സെക്രട്ടറി; വിചിത്ര ഉത്തരവുമായി സര്‍ക്കാര്‍, വിമര്‍ശനവുമായി ബിജെപി - Vasuki Appointed Foreign Secretary - VASUKI APPOINTED FOREIGN SECRETARY

കെ.വാസുകി ഐഎഎസിനെ വിദേശ സഹകരണ സെക്രട്ടറിയാക്കി സര്‍ക്കാര്‍ ഉത്തരവ്. വിമര്‍ശനവുമായി ബിജെപി നേതാക്കള്‍ രംഗത്ത്. കേന്ദ്രത്തിന്‍റെ അധികാരത്തിന് മേലുള്ള കൈകടത്തലെന്നും ആരോപണം. സര്‍ക്കാര്‍ തീരുമാനത്തില്‍ വിവാദം.

വിദേശ കാര്യ സഹകരണ സെക്രട്ടറി  കെ വാസുകി  FOREIGN AFFAIRS SECRETARY  k Vasuki As Foreign Secretary
K Vasuki (ETV Bharat)

By ETV Bharat Kerala Team

Published : Jul 20, 2024, 8:20 PM IST

Updated : Jul 21, 2024, 8:14 AM IST

തിരുവനന്തപുര: പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന് കീഴിലായ വിദേശ കാര്യ വകുപ്പിലേക്ക് സ്വന്തമായി വിദേശകാര്യ സഹകരണ സെക്രട്ടറിയെ സൃഷ്‌ടിച്ച് വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ലേബര്‍ ആന്‍ഡ് സ്‌കില്‍ ഡിപ്പാര്‍ട്ട്മെൻ്റ് സെക്രട്ടറിയായ ഐഎഎസ് ഉദ്യോഗസ്ഥ ഡോ. കെ വാസുകിയെയാണ് പുതുതായി വിദേശകാര്യ സഹകരണവുമായി ബന്ധപ്പെട്ട അധിക ചുമതലയില്‍ നിയമിച്ചിരിക്കുന്നത്. നിലവില്‍ സെക്രട്ടറി റാങ്കിലുള്ള ഐഎഎസ് ഉദ്യോഗസ്ഥയായ വാസുകിക്ക് പുതിയ ചുമതല ലഭിക്കുന്നതോടെ അവര്‍ വിദേശ സഹകരണ സെക്രട്ടറിയാകും.

ഉത്തരവ് രഹസ്യമാക്കി:

ജൂലൈ 15ന് സംസ്ഥാന പൊതുഭരണ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയതെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസ് ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കാതെ രഹസ്യമാക്കി വച്ചതില്‍ നിന്ന് തന്നെ നിയമനത്തില്‍ ദുരൂഹത വ്യക്തമാണ്. പകരം സംവിധാനമാകുന്നത് വരെ പൊതുഭരണ വകുപ്പ് - പൊളിറ്റിക്കല്‍ വിഭാഗം വാസുകിയെ ഇക്കാര്യത്തില്‍ സഹായിക്കണമെന്ന് നിയമനവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവിൻ്റെ രണ്ടാം ഭാഗത്ത് വിശദമാക്കുന്നു. ഡല്‍ഹി കേരള ഹൗസിലെ റസിഡൻ്റ് കമ്മിഷണര്‍ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദേശ കാര്യമന്ത്രാലയം, മിഷനുകള്‍, എംബസികള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള പിന്തുണ നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഔദ്യോഗിക ഉത്തരവ് (ETV Bharat)

വിദഗ്ധർ പറയുന്നു:

എന്നാല്‍ പൂര്‍ണമായും യൂണിയന്‍ ലിസ്റ്റില്‍പെട്ട വിദേശകാര്യ വകുപ്പിൻ്റെ ചുമതലയിലേക്ക് ഒരു സംസ്ഥാനത്തിന് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കാന്‍ അധികാരമില്ലെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, വിദേശ രാജ്യങ്ങളുമായി ബന്ധപ്പെടേണ്ടതായി വരുന്ന അവസരങ്ങളില്‍ നോര്‍ക്കയുടെയോ സംസ്ഥാനം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ മുഖ്യമന്ത്രിയോ വിദേശകാര്യ മന്ത്രാലയത്തിൻ്റെ അനുമതിയോടെ മാത്രമെ വിദേശ രാജ്യങ്ങളുമായി ബന്ധപ്പെടാന്‍ പാടുള്ളൂവെന്ന ചട്ടത്തിൻ്റെ ലംഘനമായും ഇക്കാര്യം ചൂണ്ടിക്കാണിക്കപ്പെടുന്നു.

കേരളത്തിലെ പല മുതിര്‍ന്ന മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചു. ഈ പദവി നിലനില്‍ക്കുമോയെന്ന് സംശയമാണെന്നാണ് പലരും പറയുന്നത്. മാത്രമല്ല അടുത്ത കാലത്ത് കുവൈറ്റില്‍ മലയാളികളുൾപ്പെടെയുള്ള നിരവധി പേര്‍ തീപിടുത്തതില്‍ മരിച്ചപ്പോള്‍ സംസ്ഥാന ആരോഗ്യമന്ത്രിയെ അവിടെയ്‌ക്ക് അയയ്ക്കാന്‍ സംസ്ഥാനം ശ്രമിച്ചെങ്കിലും കേന്ദ്രം അനുവാദം നല്‍കിയില്ല.

സംസ്ഥാനത്തിൻറെ വിശദീകരണം :

ഇങ്ങിനെ ഒരു ഉദ്യോഗസ്ഥയെ ചുമതലയേൽപ്പിച്ചതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് സംസ്ഥാന സർക്കാരിൻറെ വാദം.വിദേശ ഏജൻസികളും പ്രതിനിധി സംഘങ്ങളും വിവിധ എംബസികളുടെ കീഴിലുള്ള സ്ഥാപനങ്ങളുമൊക്കെ പലപ്പോഴും സംസ്ഥാന സർക്കാരുമായി ബന്ധപ്പെടാറുണ്ട്. വാണിജ്യ വ്യാവസായിക സാംസ്കാരിക രംഗങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കാറുമുണ്ട്. മുഖ്യമന്ത്രിമാരോ മന്ത്രിമാരോ വിദേശത്തു പോകുമ്പോൾ നടത്തുന്ന കൂടിക്കാഴ്ചകളുടെ തുടർച്ചയായും പല വിദേശ പ്രതിനിധികളും സംസ്ഥാനത്തെത്താറുണ്ട്. ഇത്തരം ചർച്ചകൾക്ക് കൂടുതൽ ഏകോപനം ആവശ്യമാണെന്ന തിരിച്ചറിവിനെത്തുർന്നാണ് വിദേശ സഹകരണം (external cooperation ) എന്ന വിഭാഗം സൃഷ്ടിച്ചത്. പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയ്ക്കായിരുന്നു അടുത്ത കാലം വരെ ഇതിൻറെ ചുമതല. അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയപ്പോഴാണ് വാസുകിയ്ക്ക് ചുമതല നൽകിയത്. ഇതു കൊണ്ടുദ്ദേശിക്കുന്നത് കേരള വികസനത്തിനായി പുതിയ ബന്ധങ്ങൾ സ്ഥാപിക്കുക എന്നത് മാത്രമാണെന്നും സംസ്ഥാന സർക്കാർ വിശദമാക്കുന്നു.

ഒ എസ് ഡി മാർ മുമ്പും :

ഇത്തരം നിയമനങ്ങൾ കേരള സർക്കാർ മുമ്പും നടത്തിയിരുന്നു. 2021ല്‍ കേരളവും കേന്ദ്ര വിദേശ കാര്യമന്ത്രാലയവുമായുള്ള ഏകോപനത്തിനായി മുന്‍ അംബാസിഡര്‍ ഡോ. വേണു രാജാമണിയെ ചീഫ് സെക്രട്ടറിയുടെ പദവിയില്‍ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി നിയമിച്ചിരുന്നു.

ആരോപണവുമായി ബിജെപി :

അതേസമയം സംഭവത്തില്‍ കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിൻ്റെ അധികാര പരിധിയിലേക്ക് കടന്നു കയറിയതായി ബിജെപി ആരോപിച്ചു. ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനും മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനും ആവശ്യപ്പെട്ടു.

Also Read:കേന്ദ്ര ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് കേരളം; 24000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ചോദിച്ചതായി കെഎൻ ബാലഗോപാൽ

Last Updated : Jul 21, 2024, 8:14 AM IST

ABOUT THE AUTHOR

...view details