തിരുവനന്തപുരം:വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്‍റെ ദുരൂഹ മരണത്തില്‍ എസ്എഫ്‌ഐയുടെ പങ്ക് വ്യക്തമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സിദ്ധാര്‍ഥിന്‍റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ ചില കക്ഷികള്‍ അക്രമത്തിന് പ്രോത്സാഹനം നല്‍കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
സിദ്ധാര്‍ഥിന്‍റെ മരണത്തില്‍ എസ്എഫ്‌ഐയുടെ പങ്ക് വ്യക്തമാണ്. കേരളത്തില്‍ അക്രമം പ്രോത്സാഹിപ്പിച്ച് ചിലര്‍ യുവാക്കളുടെ ഭാവി തകര്‍ക്കുകയാണ്. മുതിര്‍ന്ന നേതാക്കള്‍ ഇതിന് കൂട്ട് നില്‍ക്കുന്നു.
കേരളം പോലൊരു സംസ്ഥാനത്ത് എങ്ങനെയാണ് ഇത്രയധികം അക്രമം പ്രോത്സാഹിപ്പിക്കുന്നത് എങ്ങനെയാണെന്നും ഗവര്‍ണര്‍ ചോദിച്ചു. കമ്മ്യൂണിസം എല്ലായിടത്തും തകർന്നത് അക്രമം കൊണ്ടാണെന്നും ഗവർണർ കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് ചില ശക്തികൾ അക്രമം പ്രോത്സാഹിപ്പിക്കുകയാണ്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് ഇതിനൊരു ഉദാഹരണമാണ്. കേസില്‍ മുതിര്‍ന്ന നേതാക്കളുടെ ശിക്ഷയാണ് ഹൈക്കോടതി ഉയര്‍ത്തിയത്. തങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന ആളെ കൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതി ഇപ്പോൾ ശിക്ഷ വർധിപ്പിച്ചിരിക്കുകയാണെന്നും ഗവർണർ പറഞ്ഞു (Governor Arif Muhammed Khan Against Communist Party).
മുതിർന്ന ഇടത് നേതാക്കളാണ് ടി.പി. ചന്ദ്രശേരന്‍ വധക്കേസിൽ ശിക്ഷിക്കപ്പെട്ടത്. അക്രമത്തിന് വേറെ എന്ത് തെളിവ് വേണം. അക്രമം പ്രോത്സാഹിപ്പിച്ച് സമൂഹത്തെ എവിടേക്കാണ് കൊണ്ടുപോകുന്നത്? കമ്മ്യൂണിസം എല്ലായിടത്തും തകർന്നത് അക്രമം കൊണ്ടാണ്. പലയിടത്തും തകർന്നു, കേരളത്തിൽ മാത്രമാണ് ഇപ്പോഴുമുള്ളത്. അക്രമത്തിന് പരിശീലനം നൽകുകയാണ്. അവർ അക്രമത്തിലാണ് വിശ്വസിക്കുന്നത്. യുവാക്കളാണ് അക്രമത്തിൽ ഏർപ്പെടുന്നത്. കേസുകൾ പതിറ്റാണ്ടുകൾ നീണ്ടുപോകുമെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
പൂർണ്ണമായും നേതാക്കൾക്ക് അടിമപ്പെടാൻ ആർമി സൃഷ്‌ടിക്കുകയാണ്. ഒരു ജോലിക്കും അപേക്ഷിക്കാൻ ഈ യുവാക്കൾക്ക് കഴിയില്ല. രാഷ്ട്രീയ പാർട്ടികൾ അക്രമം ഉപേക്ഷിക്കണം. പ്രവർത്തനം പുനഃപരിശോധിക്കണമെന്നും രാഷ്ട്രീയ പാർട്ടികളോട് ഗവർണർ അഭ്യർത്ഥിച്ചു. അക്രമം ഉപേക്ഷിക്കണം. യുവാക്കൾക്ക് അക്രമത്തിൽ പ്രോത്സാഹനം നൽകരുതെന്നു ഗവർണർ കൂട്ടിച്ചേര്‍ത്തു.
നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഇപ്പോഴും കമ്യൂണിസം നിലനില്‍ക്കുന്നു. കേരളം സമ്പൂര്‍ണ്ണ സാക്ഷരതയടക്കമുള്ള നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ കേരളം നിലപാട് എടുക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു (Governor Arif Muhammed Khan).
Also Read :സിദ്ധാര്‍ഥിന്‍റെ മരണം : ആറ് പേര്‍ക്ക് കൂടി സസ്‌പെൻഷൻ, അന്വേഷണത്തിന് 24 അംഗ സംഘം
വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ റാഗിങ്ങിന് പിന്നാലെ മരിച്ച സിദ്ധാർഥിന്‍റെ മരണത്തില്‍ പിതാവ് പരാതി നല്‍കിയിരുന്നു. മാതാപിതാക്കളുടെ പരാതി ഡിജിപിക്ക് കൈമാറി. ഡിജിപിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കേസില്‍ ഏഴുപേരെ അറസ്റ്റ് ചെയ്‌തു എന്ന മറുപടിയാണ് കിട്ടിയത്. സിദ്ധാർഥിന്‍റെ മാതാവിൻ്റെ അവസ്ഥ പരിതാപകരമാണ്. കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഗവർണർ പറഞ്ഞു.