വയനാട് :കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട്പടമലയിലെ അജീഷിന്‍റെയും പാക്കത്ത് പോളിന്‍റെയും വീടുകളില്‍ സന്ദര്‍ശനം നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്ന് രാവിലെയോടെയാണ് ഗവര്‍ണര്‍ രണ്ട് പേരുടെയും വീടുകളിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചത്. തുടര്‍ന്ന്, വന്യമൃഗ ശല്യത്തില്‍ നിന്നും സുരക്ഷയാവശ്യപ്പെട്ട് നാട്ടുകാര്‍ നല്‍കിയ നിവേദനവും അദ്ദേഹം സ്വീകരിച്ചു.
ഗവര്‍ണര്‍ വയനാട്ടില്‍ ; കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചു - Arif Mohammed Khan
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷ്, പോള്‍ എന്നിവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ
Published : Feb 19, 2024, 1:09 PM IST
നേരത്തെ എത്തണമെന്ന് തീരുമാനിച്ചിരുന്നതാണെന്നും എന്നാല്‍ സ്ഥലത്ത് ഇല്ലാതിരുന്നതുകൊണ്ട് അതിന് കഴിഞ്ഞില്ലെന്നും അദ്ദേഹം അജീഷിന്‍റെ കുടുംബത്തെ അറിയിച്ചു. ഇന്നലെ വരണമെന്ന് വിചാരിച്ചെങ്കിലും ഭരണകൂടം അനുവദിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടര്‍ന്ന് അദ്ദേഹം നാട്ടുകാരുമായി സംസാരിച്ചു. അവര്‍ നല്‍കിയ നിവേദനം സ്വീകരിക്കുകയും ചെയ്‌തു.
വിഷയത്തില്‍ സാധ്യമായ രീതിയില്‍ ഇടപെടല്‍ നടത്തുമെന്ന് അറിയിച്ചാണ് അദ്ദേഹം പോളിന്‍റെ വീട്ടിലേക്ക് പോയത്. കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ശരത്തിന്‍റെയും കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാകേരി പ്രജീഷിന്‍റെയും വീടുകളിലും അദ്ദേഹം സന്ദര്‍ശനം നടത്തി. വൈകുന്നേരം മാനന്തവാടി ബിഷപ്‌സ് ഹൗസില്‍ മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം വിമാനമാര്‍ഗമാണ് ഗവര്‍ണര്‍ തിരുവനന്തപുരത്തേക്ക് മടങ്ങുന്നത്. ഇന്നലെ രാത്രിയോടെയാണ് ഗവര്‍ണര്‍ വയനാട്ടില്‍ എത്തിയത്.