കോട്ടയം:ഉമ്മൻ ചാണ്ടി എന്നും ജനങ്ങൾക്കൊപ്പം പ്രവർത്തിച്ച നേതാവായിരുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തൻ്റെ പൊതു പ്രവർത്തകർക്ക് അദ്ദേഹം മാതൃകയായിരുന്നുവെന്നും ഗവർണർ പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് പുതുപ്പള്ളി പള്ളിയിൽ നടന്ന അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് ഒരാണ്ട് പിന്നിടുമ്പോൾ അനുസ്‌മരണ വേദിയിൽ ഗവർണറുടെ വാക്കുകൾ പുതുപ്പള്ളിക്കാരുടെയും സദസിലുള്ളവരുടെയും മനസ് നിറച്ചു. എന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച നേതാവായിരുന്നു പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞെന്നു ഗവർണർ പറഞ്ഞു. വ്യത്യാസമില്ലാതെ എല്ലാവർക്കും സഹായങ്ങൾ ചെയ്‌ത് അവരുടെ വേദന സ്വന്തം വേദനയായി കരുതി പ്രവർത്തിച്ച അദ്ദേഹം, ഏവർക്കും മാതൃകയാണെന്ന് ഗവർണർ പറഞ്ഞു.
ബൈബിൾ നൽകുന്ന സന്ദേശം പൊതു ജീവിതത്തിൽ പകർത്തി സമൂഹത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച നേതാവ്. എന്നും ജനങ്ങൾ അദ്ദേഹത്തെ ഓർമിക്കുമെന്നും ഗവർണർ കൂട്ടിച്ചേര്‍ത്തു. മലയാളത്തിലാണ് ഗവർണർ പ്രസംഗം ആരംഭിച്ചത് പിന്നീട് ഇംഗ്ലീഷിലേക്ക് മാറി. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ്റെ ഉദ്ഘാടനവും സ്‌കോളർഷിപ്പ് വിതരണോദ്ഘാടനവും ഗവർണർ നിർവഹിച്ചു.