തിരുവനന്തപുരം:നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സംസ്‌കാരം നാളെ 'മഹാസമാധി' ആയി നടത്തുമെന്ന് കുടുംബം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നടപടി ക്രമങ്ങൾക്ക് ശേഷം നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഗോപൻ സ്വാമിയുടെ ഭൗതിക ശരീരം നാളെ മൂന്ന് മണിയോടുകൂടിയാകും മഹാസമാധിയായി സംസ്‌കരിക്കുക.
വീടിന് സമീപമുള്ള കൈലാസ നാഥ ക്ഷേത്ര അങ്കണത്തിൽ മഹാസമാധി ഇരുത്തും എന്നാണ് ബന്ധുക്കള്‍ അറിയിച്ചത്. സംസ്‌കാര ചടങ്ങിന് വിവിധ ഹിന്ദു സംഘടനകൾ പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
അച്‌ഛനെ വികൃത രൂപത്തിൽ ആക്കി
അതേസമയം ധ്യാനത്തിൽ ഇരുന്ന് സമാധിയായ അച്‌ഛനെ ഒരു സംഘം ആൾക്കാർ ചേർന്ന് വികൃത രൂപത്തിൽ ആക്കിയെന്ന് മകൻ ആരോപിച്ചു. ഇതിൽ കുടുംബത്തിന് ദുഃഖമുണ്ട് തെറ്റായ തരത്തിൽ ഇത്തരം പ്രവർത്തികൾ ചെയ്‌ത ആൾക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും സനന്ദൻ പറഞ്ഞു. നാളെ ഉച്ചക്ക് വിവിധ ഹൈന്ദവ സന്യാസികളുടെ സാന്നിധ്യത്തിൽ പിതാവിനെ മഹാസമാധി ഇരുത്തും എന്നും കുടുംബം പറഞ്ഞു.