എറണാകുളം:ഗുണ്ട നേതാവിൻ്റെ വീട്ടിലൊരുക്കിയ വിരുന്നിൽ പങ്കെടുത്ത് പോലിസുകാർ. ഗുണ്ട നേതാവ് തമ്മനം ഫൈസലിൻ്റെ അങ്കമാലിയിലെ വീട്ടില്‍ ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാനാണ് ആലപ്പുഴ ജില്ല ഡിവൈഎസ്‌പി ഉൾപ്പടെയുള്ള നാല് പൊലീസുകാർ എത്തിയത്. ഞായറാഴ്‌ച വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം.
സംസ്ഥാന വ്യാപകമായി ഗുണ്ടകളെ അമർച്ച ചെയ്യാൻ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ ആഗ്' ൻ്റെ ഭാഗമായി അങ്കമാലി എസ്ഐയും സംഘവും തമ്മനം ഫൈസലിൻ്റ വീട്ടിലെത്തിയപ്പോഴായിരുന്നു പൊലീസുകാർ വിരുന്നിനെത്തിയ വിവരം അറിഞ്ഞത്. പൊലീസുകാരെ കണ്ടതോടെ ഡിവൈഎസ്‌പി ശുചിമുറിയിൽ ഒളിച്ചതായാണ് ആരോപണം. വിരുന്നിൽ പങ്കെടുക്കാനെത്തിയതെന്ന് കൂടെയുള്ള പൊലീസുകാർ മൊഴി നൽകിയതായാണ് സൂചന.
സംഭവത്തില്‍ പൊലീസ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അങ്കമാലി പൊലീസ് വിഷയം ആലുവ റൂറൽ എസ്‌പിക്ക് റിപ്പോർട്ട് ചെയ്‌തതോടെയാണ് പൊലീസ് സേനയുടെ ഉന്നത തലത്തിലുള്ള ഇടപെടലുണ്ടായത്. പൊലീസുകാരുമായുള്ള ബന്ധം സംബന്ധിച്ച് ഗുണ്ട നേതാവിനെയും പൊലീസ് ചോദ്യം ചെയ്‌തു. നിരവധി കേസുകളിൽ പ്രതിയായ തമ്മനം ഫൈസലിനെതിരായ വിചാരണ നടപടികൾ കോടതിയിൽ തുടരുകയാണ്. ഇതിനിടെ ഡിവൈഎസ്‌പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ പ്രതിയുടെ വിരുന്നിനെത്തിയത് സംഭവത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നു.
ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വിരുന്നിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുത്തേക്കും. സംസ്ഥാനത്ത് പൊലീസും ഗുണ്ടകളും തമ്മിൽ രഹസ്യ ബന്ധമുണ്ടന്ന ആരോപണം ശരിവെക്കുന്നതാണ് അങ്കമാലിയിലെ പൊലീസ് ഗുണ്ടാ വിരുന്ന്.
ALSO READ: മേയർ - ഡ്രൈവർ തർക്കം ; സച്ചിൻ ദേവ് ബസിൽ കയറിയെന്ന് സാക്ഷി മൊഴി