കോഴിക്കോട് :ബസ് യാത്രയ്ക്കിടെ മോഷണം. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവിനെ മുന്‍ കായികതാരം ഓടിച്ചിട്ട് പിടിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനിലായിരുന്നു സംഭവം.
സ്വര്‍ണമാല മോഷ്ടിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച തമിഴ്നാട് മധുര മാരിയമ്മന്‍ കോവില്‍ സ്വദേശി മാരിയമ്മയെയാണ് (45) ഓടിച്ചിട്ട് പിടിച്ചത്. മുന്‍ കായികതാരം കൂടിയായ തലക്കുളത്തൂര്‍ എടക്കര സ്വദേശിനി താഴയൂരിങ്കല്‍ മിധു ശ്രീജിത്താണ് മോഷ്ടാവിനെ അരക്കിലോമീറ്ററോളം പിന്നിലോടി കീഴടക്കിയത്. തുടര്‍ന്ന് പ്രതിയെ പൊലീസിന് കൈമാറി.
എരഞ്ഞിപ്പാലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയാണ് മിധു. രാവിലെ ജോലിക്കായി പോകുന്നതിനിടെയാണ് സംഭവം. സ്റ്റോപ്പില്‍ മിധു ഉള്‍പ്പടെയുള്ളവര്‍ ഇറങ്ങിയതിനുപിന്നാലെ ബസിലുണ്ടായിരുന്ന ചേളന്നൂര്‍ സ്വദേശിനി ജലജ മാല നഷ്ടപ്പെട്ടെന്ന് ബഹളം വച്ചു. ഇതോടെ ആരും പോകരുതെന്ന് കണ്ടക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുകയായിരുന്ന മാരിയമ്മ ആ സമയത്ത് ബസിനകത്തേക്ക് തിരികെ കയറി മാല താഴെയിട്ടു.