തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും വീട് വിട്ടിറങ്ങിയ അസം സ്വദേശിയായ 13 കാരി തമിഴ്‌നാട്ടിൽ എത്തിയെന്ന് സൂചന. പെൺകുട്ടിയെ തേടി കേരള പൊലീസ് സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചു. വനിത എസ്‌ഐ ഉൾപ്പെടെയുള്ള സംഘമാണ് അന്വേഷണത്തിനായി തമിഴ്‌നാട്ടിലേക്ക് തിരിച്ചത്.
പെൺകുട്ടി ബെംഗളൂരു-കന്യാകുമാരി എക്‌സ്‌പ്രസില്‍ യാത്ര ചെയ്‌തതായി സ്ഥിരീകരണമുണ്ടായിരുന്നുവെന്നും പാറശാല വരെ പെൺകുട്ടി ട്രെയിനിൽ ഉണ്ടായിരുന്നുവെന്നും ഡിസിപി അറിയിച്ചു. പാറശാലയിൽ നിന്ന് പെൺകുട്ടി കന്യാകുമാരിയിലേക്ക് യാത്ര ചെയ്‌തിട്ടുണ്ടാകുമെന്ന് നിഗമനത്തിലാണ് പൊലീസ് സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചത്.
കേരള പൊലീസ് തമിഴ്‌നാട് പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. നെയ്യാറ്റിൻകരയില്‍ വച്ചാണ് സഹയാത്രിക പെൺകുട്ടിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയത്. വിവരം സംബന്ധിച്ച് കന്യാകുമാരിയിലെ എസ്‍പിയുമായി സംസാരിച്ചിട്ടുണ്ടെന്നും ഡിസിപി പറഞ്ഞു.
ഇന്നലെ (ഓഗസ്റ്റ് 20) ഉച്ചയ്ക്ക് ഒരു മണിക്ക് കുട്ടി തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരു - കന്യാകുമാരി എക്‌സ്‌പ്രസ് ട്രെയിനിൽ കയറിയതായാണ് പൊലീസിന് വിവരം ലഭിച്ചത്. ഇത്രേ ട്രെയിനിൽ കുട്ടിയുടെ എതിർവശത്തുള്ള സീറ്റിൽ ഇരിക്കുകയായിരുന്ന ബബിത എന്ന യാത്രക്കാരിയാണ് പൊലീസിന് നിർണായക വിവരം കൈമാറിയത്. ചിത്രം മകളുടേതാണെന്ന് പിതാവ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ട്രെയിനിലിരുന്ന് കുട്ടി കരയുന്നത് കണ്ടതോടെയാണ് ബബിത ഫോട്ടോ പകര്‍ത്തിയത്. ഈ ഫോട്ടോയാണ് പൊലീസിന് ലഭിച്ചത്. കുട്ടിയുടെ കൈയിൽ 40 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഫോട്ടോ എടുത്ത ബബിത പൊലീസിനെ അറിയിച്ചു. കുട്ടി 50 രൂപയുമായാണ് വീട്ടിൽ നിന്ന് പോയതെന്ന് മാതാപിതാക്കളും പൊലീസിനോട് പറഞ്ഞിരുന്നു.
ഇന്നലെ (ഓഗസ്റ്റ് 20) രാവിലെ 10 മണിക്കാണ് പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത്. രാവിലെ അമ്മ വഴക്കിനെ തുടര്‍ന്നാണ് ബാഗുമെടുത്ത് വീട്ടില്‍ നിന്നിറങ്ങിയത്. ജോലി കഴിഞ്ഞെത്തിയപ്പോഴാണ് മാതാപിതാക്കള്‍ കുട്ടി പോയ വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
Also Read : ജസ്‌ന തിരോധാന കേസ്; അന്വേഷണ സംഘം മുണ്ടക്കയത്തെത്തി, ലോഡ്‌ജ് ഉടമയുടെ മൊഴിയെടുത്തു - Jesna Missing Case Updates