കൊല്ലം : വടക്കൻ മൈനാഗപ്പള്ളിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു (Gas cylinder explosion at Kollam). പണിക്കശ്ശേരി തറയിൽ വസന്തയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിൽ വീടിന്‍റെ ഒരു ഭാഗം പൂർണമായും കത്തി നശിച്ചു. ഗൃഹോപകരണങ്ങൾ, സമീപത്തെ ബാത്റൂം, മരങ്ങൾ എന്നിവയും കത്തി നശിച്ചിട്ടുണ്ട്. പൊട്ടിത്തെറി ശബ്‌ദം കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്.
നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയും ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയും ചെയ്‌തു. ഫയർഫോഴ്‌സിന്‍റെ നേതൃത്വത്തിലാണ് തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയത്. പുതിയ ഗ്യാസ് സിലിണ്ടറിന്‍റെ ചോർച്ചയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.
മുംബൈയിലും സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടങ്ങള്‍: മുംബൈയിലെ ചെമ്പൂരിലെ സിദ്ധാർഥ് കോളനിയിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ഒമ്പത് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്നലെ രാത്രി ആയിരുന്നു സംഭവം. പൊട്ടിത്തെറിയെ തുടർന്ന് വീട്ടിലേക്ക് തീ ആളിപ്പടരുകയായിരുന്നു. സിലിണ്ടറിന് ചോർച്ച സംഭവിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.