താങ്ങുവില വർധനയിൽ നിന്നും റബർ ഒഴിവാക്കപ്പെട്ടതിനെതിരെ ഫ്രാൻസിസ് ജോർജ് എംപി (ETV Bharat) കോട്ടയം: കാർഷിക വിളകളുടെ താങ്ങുവില വർധനയിൽ നിന്നും റബർ ഒഴിവാക്കപ്പെട്ടത് അംഗീകരിക്കാനാവില്ലെന്ന് ഫ്രാൻസിസ് ജോർജ് എം പി. കേന്ദ്ര സർക്കാർ മറ്റ് 14 വിളകളുടെ വില ഉയർത്തിയെങ്കിലും റബർ കാർഷിക ഉത്പന്നമല്ലെന്ന് ചൂണ്ടിക്കാട്ടി താങ്ങുവില ഉയർത്തിയിരുന്നില്ല. വില തകർച്ചയിൽ വീർപ്പുമുട്ടുന്ന റബർ മേഖലയെ താങ്ങുവില വർധനവിൽ നിന്നും ഒഴിവാക്കിയത് ലോക്‌സഭയിൽ ഉന്നയിക്കുമെന്നും എംപി പറഞ്ഞു.
കർഷകരുടെ ദീർഘ നാളത്തെ ആവശ്യമായിരുന്ന നെല്ല് ഉൾപ്പടെയുള്ള 14 വിളകളുടെ വില കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം ഉയർത്തിയെങ്കിലും റബർ മേഖല ഒഴിവാക്കപ്പെടുകയായിരുന്നു. നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നീക്കമാണ് ഇതെന്ന വിമർശനം ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്. റബർ കാർഷിക ഉത്പന്നമല്ല എന്ന് സാങ്കേതികത്വം മറയാക്കിയാണ് പലപ്പോഴും അർഹിക്കുന്ന പരിരക്ഷയും സാമ്പത്തിക സഹായവും കർഷകർക്ക് നിഷേധിക്കുന്നത്.
തന്ത്രപ്രധാന വിളകളിൽ ഒന്നാണ് റബ്ബർ. രാജ്യത്തെ ചലനാത്മകമാക്കുന്ന ഉത്പന്നമാണ് റബർ. റബർ കർഷകരെ കർഷകരായി കാണാതെയുള്ള ചിറ്റമ്മനയം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. റബറിനെ കാർഷിക വിളകളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ലോക്‌സഭയിൽ അതിശക്തമായി ഉന്നയിക്കും. വിഷയത്തിന്‍റെ ഗൗരവം കേന്ദ്ര സർക്കാരിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും പാർലമെന്‍റ് കന്നി സമ്മേളനത്തിലെ രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ ഉന്നയിക്കുമെന്നും എംപി അറിയിച്ചു.
ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം എന്ന നിലയിൽ ഈ മേഖലയിൽ ഉണ്ടാവുന്ന തീരുമാനങ്ങൾ കേരളത്തിൽ ചലനം സൃഷ്‌ടിക്കും. ആസിയാൻ കരാർ പുതുക്കുന്നതിനായി തുടങ്ങുന്ന ചർച്ചകളിൽ റബർ വിഷയം ഗൗരവമായി ഉന്നയിക്കും. കാർഷിക വിളകളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി സമ്മർദവും ശക്തമാക്കും. സാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് അനുസരിച്ചുള്ള ന്യായവില കർഷകർക്ക് ലഭ്യമാക്കുമെന്ന ഉറപ്പ് നരേന്ദ്രമോദി സർക്കാർ പാലിച്ചിട്ടില്ല. ന്യായവില ഉറപ്പാക്കുന്ന നിയമനിർമാണം നടത്തണമെന്ന കർഷകരുടെ ആവശ്യം നടപ്പാക്കണമെന്നാണ് ഇന്ത്യ മുന്നണി ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്. ഈ ആവശ്യം പാർലമെന്‍റിൽ ഉന്നയിക്കും.
Also Read: റബർ കർഷകരെ ചൂഷണം ചെയ്യാൻ ഒരുങ്ങി പ്ളാസ്‌റ്റിക് കമ്പനികൾ