തിരുവനന്തപുരം:കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ നാല് പേര്‍ മുങ്ങി മരിച്ചു. ആര്യനാട് മൂന്നാറ്റുമുക്കില്‍ ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഐ ജി ഹര്‍ഷിത അത്തല്ലൂരിയുടെ ഡ്രൈവറായി സേവനമനുഷ്‌ഠിക്കുന്ന അനില്‍കുമാര്‍(50), മകന്‍ അമല്‍(13), അനില്‍കുമാറിൻ്റെ സഹോദരൻ്റെ മകനായ അദ്വൈത്(22) സഹോദരിയുടെ മകന്‍ ആനന്ദ് (25) എന്നിവരാണ് മുങ്ങി മരിച്ചത്.
സ്‌കൂള്‍ അവധിയായിരുന്നതിനാല്‍ അനില്‍കുമാറിൻ്റെ വീട്ടിലെത്തിയതായിരുന്നു സഹോദരങ്ങളുടെ മക്കളായ അദ്വൈതും ആനന്ദും. കരമനയാറിന് സമീപമുള്ള സ്ഥലത്ത് വളമിടാനെത്തിയതായിരുന്നു അനിലും കുടുംബാംഗങ്ങളും. ജോലിക്ക് ശേഷം കരമനയാറ്റിലെ കടവില്‍ കുളിക്കാനിറങ്ങി. ഇതിനിടെ അനിലിൻ്റെ മകന്‍ അമല്‍ ആറ്റിലെ ചുഴിയില്‍പ്പെടുകയും മറ്റുള്ളവര്‍ രക്ഷിക്കാനിറങ്ങുകയുമായിരുന്നുവെന്ന് ആര്യനാട് പൊലീസ് പറഞ്ഞു.