പാലക്കാട്: യുഡിഎഫിൻ്റെ പഞ്ചായത്ത് ഭരണസമിതിയുടെ പരിപാടിയിൽ സിപിഎ മുൻ എംഎൽഎ പികെ ശശി നടത്തിയ പ്രസംഗം ചർച്ചയാകുന്നു. യുഡിഎഫ് ഭരിക്കുന്ന കരിമ്പുഴ ഗ്രാമപ്പഞ്ചായത്തിൻ്റെ 'സ്നേഹ മധുരം' പരിപാടിയിലാണ് ശശി മുന വെച്ച പ്രസംഗം നടത്തിയത്. നല്ല കാര്യങ്ങൾക്ക് രാഷ്ട്രീയം നോക്കാറില്ലെന്ന് പറഞ്ഞ മുൻ എംഎൽഎ രാഷ്ട്രീയത്തിൽ വ്യത്യസ്‌തത പുലർത്തുന്നവരോട് ശത്രുത പുലർത്താറില്ലെന്നും പറഞ്ഞു.
നല്ല കഴിവുള്ള ആളുകളുടെ പ്രാപ്‌തിയേയും കഴിവിനെയും അംഗീകരിക്കാനും അവർ ചെയ്യുന്ന നന്മകളെ മനസിലാക്കി അതിനെ അനുമോദിക്കാനും കഴിയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു വ്യക്തിയെ അംഗീകരിക്കാൻ ആ വ്യക്തിയുടെ രാഷ്‌ട്രീയം നോക്കണ്ട ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഏത് കാര്യത്തെ കുറിച്ചും തനിക്ക് വ്യക്തമായ നിലപാടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. തന്‍റെ നിലപാടുകളെ കുറിച്ച് വെട്ടിത്തുറന്ന് പറയാൻ ഇതുവരെയും ഞാൻ ഭയന്നിട്ടില്ലെന്നും പികെ ശശി വ്യക്തമാക്കി. മറ്റുള്ളവരെ സഹായിക്കണമെന്ന സന്ദേശമാണ് ഞാൻ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.