കോഴിക്കോട്:കുറുക്കന്മാരുടെ വിളയാട്ടത്തിൽ പൊറുതിമുട്ടി താമരശ്ശേരി തച്ചംപൊയിൽ വാകപൊയിൽ പ്രദേശവാസികള്‍. കുറുക്കന്മാരെ പിടിക്കാൻ ഫോറസ്റ്റ് ആർആർടി സംഘങ്ങൾ എത്തി. പ്രദേശവാസികൾക്ക് പുറത്തിറങ്ങാനാകാത്ത സാഹചര്യം ആയതോടെയാണ് നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആർആർടി അംഗങ്ങളും കുറുക്കൻ വേട്ടയ്ക്കിറങ്ങിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരവധി കുറുക്കന്മാരാണ് പ്രദേശവാസികൾക്ക് ഭീഷണിയായി നാട്ടിലിറങ്ങിയത്. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് വാകപൊയിൽ ഭാഗത്തെ വീട്ടുമുറ്റത്ത് അലക്കുകയായിരുന്ന വീട്ടമ്മയെ ഓടിയെത്തിയ കുറുക്കൻ കടിച്ചു പരിക്കേൽപ്പിച്ചു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സക്ക് വിധേയമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രദേശത്തെ മിക്ക വീടുകളിലും വൈകുന്നേരം വരെ കുറുക്കന്‍റെ പരാക്രമം തുടർന്നു. വീട്ടുപാത്രങ്ങളും മറ്റും കടിച്ചെടുത്ത് കുറുക്കന്മാർ ഓടുന്നത് സ്ഥിരമാണ്. കുറുക്കന്‍മാര്‍ കുട്ടികളെയും സ്ത്രീകളെയും ആക്രമിക്കുന്നതും പതിവായിരുന്നു. പലരും ഭാഗ്യം കൊണ്ട് മാത്രമാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത് എന്ന് നാട്ടുകാര്‍ പറഞ്ഞു.
ഇന്നലെ (22-02-2024) കാലത്ത് കണ്ണിനു താഴെ മുള്ളൻപന്നിയുടെ മുള്ള് തറച്ച നിലയിൽ ഒരു കുറുക്കൻ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയിരുന്നു. കുറുക്കന്‍റെ ശല്യം കൂടിയതോടെയാണ് പരിസരവാസികൾ വനംവകുപ്പിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ന് (23-02-2024) രാവിലെ വനം വകുപ്പ് സംഘം ഇരുമ്പ് കൂടുകളും കെണികളുമായി കുറുക്കന്മാരെ പിടികൂടാൻ എത്തുകയായിരുന്നു.
മുള്ളൻ പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ കുറുക്കനെ ഇവർ ആദ്യം പിടികൂടി. മുള്ള് ഊരിയെടുത്ത ശേഷം പരിക്കേറ്റ കുറുക്കനെ കൂട്ടിലേക്ക് മാറ്റി. മറ്റ് കുറുക്കന്മാരെ പിടികൂടുന്നതിനും പ്രദേശത്ത് പരിശോധന നടത്തുന്നുണ്ട്. താമരശ്ശേരി ബീറ്റ് ഫോറസ്റ്റ് ഓഫിസർ ശിവകുമാർ അംഗങ്ങളായ സി കെ ഷബീർ, അബ്‌ദുൽ കരീം എന്നിവരുടെ നേതൃത്വത്തിലാണ് കുറുക്കന്മാരെ തുരത്താൻ ഇറങ്ങിയത്.
Also Read:താമരശേരി ചുരത്തിൽ കാൽ വഴുതി വീണ് യുവാവിന് ദാരുണാന്ത്യം - THAMARASSERY TUNNEL