മലപ്പുറം:ലൈഫ് മിഷൻ പദ്ധതിക്ക് കീഴിൽ അനുവദിച്ച വീടിന്റെ തറ നിർമാണം പൂർത്തിയായി ആറ് മാസം കഴിഞ്ഞിട്ടും വീടെന്ന സ്വപ്നം മുന്നോട്ട് കൊണ്ടു പോവാനാവാതെ സഹോദരങ്ങൾ. ഇവരുടെ 10 സെന്റ് സ്ഥലം വനഭൂമി കൈയേറിയതാണെന്ന് ചൂണ്ടിക്കാട്ടി വനംവകുപ്പ് ഉടക്കിട്ടതോടെയാണ് വീട് നിർമാണം പാതിവഴിയിൽ നിന്നുപോയത്. 50 വർഷത്തിലേറെയായി നികുതി അടയ്ക്കുന്ന ഭൂമിയിൽ നിന്ന് തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥയിലാണ് ഇവർ.
65കാരനായ നാരായണനും 59കാരി നാരായണിയും ചാലിയാർ പഞ്ചായത്തിലെ പെരുമ്പത്തൂരിൽ നിലവിൽ താമസിക്കുന്ന ഭൂമിയിലാണ് ജനിച്ചു വളർന്നത്. പിതാവിൽ നിന്നും കൈമാറിക്കിട്ടിയ ഭൂമിയാണിത്. താമസിച്ചിരുന്ന കൊച്ചുകൂര മഴയിൽ ഏത് നിമിഷവും തകർന്നടിയാമെന്ന അവസ്ഥയായതോടെയാണ് ലൈഫ് പദ്ധതിയിൽ വീടിനായി ഇവർ അപേക്ഷിച്ചത്.
ചാലിയാർ പഞ്ചായത്ത് പദ്ധതിയുടെ കീഴിൽ 20,000 രൂപ ആദ്യ ഗഡുവായി ഇവർക്ക് അനുവദിച്ചിരുന്നു. തുടർന്ന് കരാറുകാരൻ ജോലി ഏറ്റെടുത്തു. രണ്ട് വീടിന്റെയും തറയുടെ പണി പൂർത്തിയാകാറായപ്പോഴാണ് നിർമാണത്തിന് ഫണ്ട് അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി വനംവകുപ്പ് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയത്. വനംവകുപ്പ് ഭൂമി കൈയ്യേറിയാണ് ഇവർ വീട് നിർമാണം നടത്തുന്നതെന്നായിരുന്നു വനംവകുപ്പിന്റെ വാദം.
റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി വനംവകുപ്പ് രണ്ടുമാസം മുമ്പ് നടത്തിയ സർവേയിലാണ് ഇവരുടെ ഭൂമി വനഭൂമിയാണെന്ന് കണ്ടെത്തിയത്. 15 വർഷം മുമ്പ് സ്ഥാപിച്ച ജണ്ട മറികടന്നുള്ള സ്ഥലങ്ങളിലാണ് വനംവകുപ്പ് അവകാശവാദം ഉന്നയിച്ചത്. മുൻകാലങ്ങളിൽ കൈയേറ്റം നടത്തിയതാണെന്ന് വകുപ്പ് അധികൃതരുടെ വിശദീകരണം.