മാനന്തവാടി: പുല്‍പ്പള്ളിയിലുണ്ടായ പ്രതിഷേധത്തിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്‌തതായി പരാതി. പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യുട്ടി റെയ്ഞ്ചര്‍ വി ആര്‍ ഷാജിയാണ് ചികിത്സയിലുള്ളത്. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട ഷാജിയെ പുല്‍പ്പള്ളി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്‌ധ ചികിത്സാര്‍ത്ഥം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പോളിന്‍റെ മൃതദേഹവുമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് ആംബുലന്‍സിനെ അനുഗമിച്ചെത്തിയ ഷാജിയുള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച വാഹനമാണ് പുല്‍പ്പള്ളി ടൗണില്‍ വെച്ച് പ്രതിഷേധക്കാര്‍ തടയുകയും, വാഹനത്തിന് കേടുപാടുകള്‍ വരുത്തുകയും ചെയതത്. ഇതിനിടയിലാണ് ഷാജിയെ കയ്യേറ്റം ചെയ്‌തത്. പരിക്കേറ്റ പോളിനെ വയനാട് മെഡിക്കല്‍ കോളജില്‍ എത്തിച്ചത് മുതല്‍ ഇദ്ദേഹമാണ് മുഴുവന്‍ സമയവും ഉണ്ടായിരുന്നതെന്നും, അദ്ദേഹത്തെ കയ്യേറ്റം ചെയ്‌തത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.