പത്തനംതിട്ട:കാനനപാത വഴി ശബരിമല ദർശനത്തിനെത്തുന്ന തീർഥാടകർ സമയക്രമം പാലിക്കണമെന്ന് വനം വകുപ്പ്. സത്രം പുല്ലുമേട് വഴി രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് ഒരു മണി വരെയും മുക്കുഴി വഴി രാവിലെ ഏഴ് മുതല്‍ മൂന്ന് വരെയും മാത്രമാണ് പ്രവേശനം അനുവദിക്കുക. കാനനപാത വഴി ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് വനംവകുപ്പിൻ്റെ അയ്യൻ ആപ്പ് പ്രയോജനപ്പെടുത്താം.
കാനനപാത വഴി ശബരിമലയിലേക്ക് എത്തുന്ന തീര്‍ഥാടകര്‍ നിശ്ചിത വഴികളിലൂടെ മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളുവെന്നും നിര്‍ദേശമുണ്ട്. നടത്തം ലാഭിക്കുന്നതിനായി വനത്തിലൂടെയുള്ള കുറുക്കുവഴികള്‍ ഉപയോഗിക്കാന്‍ പാടില്ല. വിഷപാമ്പുകൾ ഉൾപ്പെടെയുള്ളവയിൽ നിന്ന് തീർഥാടകർക്ക് സംരക്ഷണം ഒരുക്കുന്നതിനായി തീർഥാടന കാലം ആരംഭിച്ചത് മുതൽ തന്നെ സന്നിധാനത്തും അനുബന്ധ പ്രദേശങ്ങളിലും സ്നേക്ക് ഗാർഡ്, ഇക്കോ ഗാർഡ്, എലഫൻ്റ് ഗാർഡ് എന്നിവരെ നിയോഗിച്ചിട്ടുണ്ട്.
ശബരിമലയില്‍ നിന്ന് പുല്ലുമേട് വഴി പോകുന്നവർക്ക് രാവിലെ എട്ട് മുതല്‍ പതിനൊന്ന് വരെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. കാനനപാത വഴി ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് വനംവകുപ്പിൻ്റെ അയ്യൻ ആപ്പ് പ്രയോജനപ്പെടുത്താം. ഓണ്‍ലൈനിൽ മാത്രമല്ല ഓഫ്‌ലൈനിലും ആപ്പ് പ്രവര്‍ത്തിക്കും.