പത്തനംതിട്ട:മണ്ഡലകാലം ആരംഭിച്ചത് മുതൽ സന്നിധാനം, പമ്പ, ഔട്ടർ പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി ഭക്ഷ്യ സുരക്ഷാ വകുപ്പ് വളരെ ജാഗ്രതയോടെയാണ് പ്രവർത്തിച്ചുവരുന്നത്. ഇന്നലെ (നവംബര്‍ 27) വരെയുള്ള കണക്കുകൾ പ്രകാരം ഭക്ഷ്യസുരക്ഷാ വകുപ്പ് സന്നിധാനം മുതൽ നിലയ്ക്കൽ വരെയുള്ള പ്രദേശങ്ങളിലായി ആകെ 1008 പരിശോധനകൾ നടത്തി. ഇതുവരെ ക്രമക്കേടുകൾ കണ്ടെത്തിയ 53 സ്ഥാപനങ്ങൾക്ക് മൂന്ന് ലക്ഷത്തി ഏഴായിരം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുന്ന തീർഥാടകർക്ക് പരാതിയുണ്ടെങ്കിൽ ഭക്ഷ്യസുരക്ഷാ വകുപ്പിനെ നേരിട്ട് വിളിക്കാന്‍ കഴിയും. പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മൂന്ന് പേരടങ്ങുന്ന നാല് ടീമുകളായാണ് സ്ക്വാഡ് പ്രവർത്തനം നടത്തുന്നത്.
അതേസമയം, ഭക്തരിൽ നിന്നും അനധികൃതമായി വില ഈടാക്കുന്ന കടകൾക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവിട്ടിരുന്നു. നിലയ്ക്കൽ, പമ്പ, സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റുകൾക്കാണ് കോടതി നിർദേശം നൽകിയത്.
നിശ്ചിത ഇടവേളകളിൽ കടകളിലും ഹോട്ടലുകളിലും പരിശോധന നടത്തണമെന്നും നിർദേശമുണ്ടായിരുന്നു. ഹോട്ടലുകളിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്‌തുക്കൾ ഉപയോഗിക്കുന്നുണ്ടെന്നും അമിത വില ഈടാക്കുന്നുണ്ടെന്നും നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു.