തിരുവനന്തപുരം :ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്‌സാമിനേഷൻ (എഫ്എംജിഇ) പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരവും വിൽപ്പനയ്‌ക്കെന്ന് പ്രചാരണം. ടെലഗ്രാം ഗ്രൂപ്പിലൂടെയാണ് വാർത്ത പ്രചരിച്ചത്. സംഭവത്തിൽ ടെലഗ്രാം ഗ്രൂപ്പിൽ പരസ്യം ചെയ്‌ത സംഘങ്ങൾക്കെതിരെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു.
വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയശേഷം ഇന്ത്യയിൽ പ്രാക്‌ടീസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ നടത്തുന്ന പരീക്ഷയാണ് എഫ്എംജിഇ. ജൂലൈ ആറിന് നടക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരങ്ങളും ആണ് വിൽപ്പനയ്ക്ക് എന്ന പേരിൽ ടെലഗ്രാം ഗ്രൂപ്പുകളിൽ പരസ്യം ചെയ്‌തത്. ദി പബ്ലിക് എക്‌സാമിനേഷൻ (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്‌ട് 2024 പ്രകാരമാണ് ടെലഗ്രാം ഗ്രൂപ്പുകൾക്കെതിരെ കേസെടുത്തിരിക്കുന്നത്.