കേരളം

kerala

ETV Bharat / state

ശുദ്ധജല മത്സ്യങ്ങളുടെ ഗുണനിലവാരം നഷ്‌ടപ്പെടുന്നു ; ഉൾനാടൻ മത്സ്യകൃഷി പ്രതിസന്ധിയില്‍ - KERALA FISH FARMING - KERALA FISH FARMING

സംസ്ഥാനത്തെ ഉൾനാടൻ മത്സ്യകൃഷി ഓരോ വർഷം കഴിയുന്തോറും പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. രണ്ട് പ്രളയങ്ങളും ശുദ്ധജല മത്സ്യകൃഷിക്കാരെ കഷ്‌ടത്തിലാക്കി. ശുദ്ധജല മത്സ്യങ്ങളുടെ ഗുണനിലവാരം നഷ്‌ടമാവുകയുമാണ്

മത്സ്യ കൃഷി പ്രതിസന്ധിയില്‍  ശുദ്ധജല മത്സ്യക്കൃഷി  FISH FARMING IN KERALA
fresh water fishes (source: ETV Bharat Reporter)

By ETV Bharat Kerala Team

Published : May 17, 2024, 1:31 PM IST

കടൽ മത്സ്യങ്ങളോളം തന്നെ മലയാളിക്ക് തീൻമേശയിൽ ഏറ്റവും പ്രിയപ്പെട്ടതാണ് ശുദ്ധജല മത്സ്യങ്ങളും. ഉൾനാടൻ ശുദ്ധജല മത്സ്യകൃഷിക്ക് വലിയ വിപണി സാധ്യതയുണ്ട്. അത് മുന്നിൽക്കണ്ട് 2012 ന് ശേഷം മത്സ്യകൃഷിയിൽ വലിയ കുതിച്ചുചാട്ടമാണ് കേരളത്തിൽ സംഭവിച്ചത്. ഐടി മേഖലയിലെ ജോലി ഉപേക്ഷിച്ചുപോലും ചെറുപ്പക്കാർ പുരയിടത്തിൽ കുളം കുത്തി മത്സ്യകൃഷിയിൽ വിജയഗാഥകൾ രചിച്ച വാർത്തകൾ മലയാളി കണ്ടതാണ്.

കാർപ്പ് മത്സ്യങ്ങളായ കട്‌ല ,രോഹു ,തിലാപ്പിയ തുടങ്ങിയ മത്സ്യങ്ങൾ വളർത്തുന്നതിന് സംസ്ഥാന സർക്കാർ വലിയ പ്രോത്സാഹനവും നൽകുന്നു. ഫിഷറീസ് ഡിപ്പാർട്ട്മെന്‍റിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന എഡിഎകെ കുറഞ്ഞ ചിലവിൽ മത്സ്യ വിത്തുകള്‍ കൂടി സപ്ലൈ ചെയ്യാൻ തുടങ്ങിയതോടെ സംസ്ഥാനത്തെ ഉൾനാടൻ മത്സ്യകൃഷിയിൽ വലിയ വിപ്ലവം രചിക്കാനായി. ജനിതക മാറ്റം വരുത്തിയ ഗിഫ്റ്റ് തിലാപ്പിയകൾ കൂടി കളം നിറഞ്ഞതോടെ മത്സ്യകൃഷിയുടെ മുഖം തന്നെ മാറി.

പെട്ടെന്നൊന്നും ചത്തുപോകാത്ത നാടൻ മുഷി, നാടൻ വരാൽ തുടങ്ങി നാട്ടിൻപുറത്തെ പാടങ്ങളിലും തോടുകളിലും കണ്ടുവന്നിരുന്ന പരമ്പരാഗത മത്സ്യ കുഞ്ഞുങ്ങളെ കൂടി എഡിഎകെ വിതരണത്തിന് എത്തിച്ചതോടെ മത്സ്യകൃഷി വരുമാന മാർഗത്തിനുള്ള പുതുലോകം തന്നെ തുറന്നു. വെറുതെ ഒരു കുളം ഉണ്ടെന്ന് കരുതി മത്സ്യം വളർത്താനാകില്ല. വെള്ളത്തിന്‍റെ പി എച്ച് മൂല്യം നിർണയിക്കാൻ ആവശ്യമായ സംവിധാനം,വായു വിതാനം സുഗമമായി നടക്കുവാനുള്ള സംവിധാനം, മേൽ വല, ഗുണനിലവാരമുള്ള തീറ്റ തുടങ്ങിയ ധാരാളം ഘടകങ്ങൾ മത്സ്യകൃഷിയുടെ കടമ്പകൾ ആയിരുന്നു.

പണ്ടുകാലത്ത് നമ്മുടെ നാട്ടിൽ സുലഭമായി കണ്ടിരുന്ന 'കൈതക്കോര' പിൽക്കാലത്ത് അന്യം നിന്നു പോവുകയും, വിയറ്റ്നാമിൽ ജനിതകമാറ്റം വരുത്തി ബംഗ്ലാദേശ് വഴി അനാബസ് എന്ന പേരിൽ ഇന്ത്യയിൽ എത്തുകയും ചെയ്‌തു. ആറുമാസം കൊണ്ട് അര കിലോ വരെ തൂക്കം ലഭിക്കുന്ന മത്സ്യമാണ് അനാബസ്. നാലുദിവസം കരയിൽ ജീവിച്ചാലും മരണം സംഭവിക്കില്ല എന്ന് അതിശയോക്തിയിൽ വേണമെങ്കിൽ പറയാം. കുറഞ്ഞ ഓക്‌സിജൻ ലെവലിലും വെള്ളത്തിൽ ജീവിക്കും. പ്രത്യേക തീറ്റയുടെ ആവശ്യമില്ല. കടമ്പകൾ ഏറെയുള്ള മറ്റ് ഇനത്തിൽപ്പെട്ട മത്സ്യങ്ങളെ വളർത്തുന്നതിനേക്കാൾ ലാഭകരം, അനാബസിനനെ വളർത്തുന്നതാണെന്ന് കർഷകർക്ക് തോന്നി.

മത്സ്യ കൃഷിയില്‍ പുതുവിപ്ലവമായി അനാബസും കർഷകരുടെ കുളങ്ങൾ കയ്യേറി. ഒരേക്കറിൽ ഒരു ലക്ഷം മീൻ നിറയ്ക്കാൻ കഴിയുമെന്നതാണ് അനാബസ് മത്സ്യകൃഷിയുടെ പ്രത്യേകത. ഒരു സെന്‍റ് കുളത്തിൽ കാർപ്പ് മത്സ്യങ്ങൾ 60 എണ്ണം മാത്രമാണ് നിറയ്ക്കാൻ സാധിക്കുക. വേണമെങ്കിൽ സ്‌ഫടിക ടാങ്കിലും അനാബസിനെ വളർത്താം. അതിശൈത്യത്തെയും കൊടും ചൂടിനെയും അനാബസ് പുഷ്‌പം പോലെ അതിജീവിക്കും. കാർപ്പ് മത്സ്യകൃഷിയെ അനാബസ് മത്സ്യങ്ങൾ കീഴടക്കുമെന്ന് തോന്നിപ്പോയ ഘട്ടങ്ങളായിരുന്നു അത്.

ശുദ്ധജല ഓര് ജല മത്സ്യകൃഷി അനാബസ് കയ്യടക്കുമെന്ന ഘട്ടത്തിലാണ് 2018ല്‍ പ്രളയം ഉണ്ടാകുന്നത്. കോടിക്കണക്കിന് രൂപയുടെ മത്സ്യങ്ങളാണ് പാടത്തേക്കും നദികളിലേക്കും കൃഷിയിടങ്ങളിൽ നിന്ന് ഒഴുകിപ്പോയത്. 2019 ലും അവസ്ഥ സമാനമായിരുന്നു. 2019 പകുതിയോടെ വീണ്ടും കേരളത്തിൽ പ്രളയം വന്നു. എല്ലാം തിരികെ പിടിക്കാൻ ശ്രമിക്കുന്നവരുടെ വയറ്റത്തടിയായിരുന്നു രണ്ടാമത്തെ പ്രളയം. ഏഴുമാസം കഴിഞ്ഞെത്തിയ ലോക് ഡൗണും മത്സ്യകൃഷിയിലേക്ക് തിരിഞ്ഞവരെയെല്ലാം അടിമുടി പൊള്ളിച്ചു. ചിലർ കടബാധ്യത സഹിക്കാനാകാതെ രാജ്യം വിട്ടു. സംസ്ഥാനത്തെ ഉൾനാടൻ മത്സ്യകൃഷി ഓരോ വർഷം കഴിയുന്തോറും പ്രതിസന്ധിയിൽ നിന്നും പ്രതിസന്ധിയിലേക്ക് പോവുകയാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ കർഷകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. പല പുരയിടങ്ങളും മൂടപ്പെട്ട് കഴിഞ്ഞു.

എന്തുകൊണ്ട് വീണ്ടും അനാബസ് വളർത്തി നഷ്‌ടപ്പെട്ടതെല്ലാം തിരിച്ചുപിടിച്ചുകൂടാ എന്ന് ചിന്തിച്ചാല്‍ അപ്പോഴുമുണ്ട് കുഴപ്പം. പ്രധാന പ്രശ്‌നം അനാബസിന്‍റെ വിത്തുകളെ സെലക്‌ടഡ് ആയ മദർ ഫിഷിൽ നിന്നുമാണ് ഉദ്‌പാദിപ്പിക്കേണ്ടത്. ഇതുവഴി ഗുണനിലവാരമുള്ള കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നു. പക്ഷേ രണ്ട് പ്രളയങ്ങൾ നമ്മുടെ നാട്ടിലെ പുഴകളിലേക്കും പാടങ്ങളിലേക്കും ഒഴുകിയെത്തിയ തിലാപ്പിയെയും അനാബസിനെയും നാച്ചുറൽ ബ്രീഡിങ്ങിന് വഴിതിരിച്ചു. ജനിതക മാറ്റം സംഭവിച്ചെത്തിയ ഇത്തരം മത്സ്യങ്ങൾ നാച്ചുറൽ ബ്രീഡിങ്ങിലൂടെ സാധാരണ മത്സ്യങ്ങളിൽ ഒന്നായി മാറി. ഇതേ മത്സ്യങ്ങളെ വീണ്ടും പിടിച്ചുതന്നെയാണ് വിത്ത് ഉത്പാദനം നടത്തുന്നത്. അതിന് ആരെയും പരാതി പറയാൻ ആകില്ല. വീണ്ടും ലഭിച്ച വിത്തുകൾ വളർത്തി ആറുമാസം കഴിയുമ്പോൾ അരക്കിലോ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന മീനിന് 50 ഗ്രാം 100 ഗ്രാം മാത്രമാണ് വലിപ്പം.

ജനിതകമാറ്റം വരുത്തിയ ഗിഫ്റ്റ് തിലാപ്പിയയുടെയും അവസ്ഥ ഇതുതന്നെ. കഴിഞ്ഞവർഷം എഡിഎകെ വിപണിയിൽ എത്തിച്ച വരാല്‍ കുഞ്ഞുങ്ങളുടെ അവസ്ഥയും സമാനമാണെന്നാണ് കർഷകരുടെ വാദം. മത്സ്യങ്ങളുടെ ഗുണനിലവാരം നഷ്‌ടപ്പെട്ടതോടെ സംസ്ഥാന സർക്കാറിന്‍റെ ഫിഷറീസ് വകുപ്പിനെ ആശ്രയിച്ച് മത്സ്യ കൃഷി ചെയ്യുന്ന കർഷകർ വലിയ പ്രതിസന്ധിയിലായി. ദിനംപ്രതി മത്സ്യ കുളങ്ങൾ പുരയിടങ്ങളായി മാറുവാനും ആരംഭിച്ചു. എന്നാൽ സ്വകാര്യ സംരംഭത്തിൽ പങ്കെഷ്യസ് എന്ന മത്സ്യ ഇനം വളർത്തുന്ന പല ഫാമുകളും ഇപ്പോൾ ലാഭത്തിലാണ് പ്രവർത്തിച്ചുപോകുന്നത്. പൂർണമായും ഒരു സ്വകാര്യ സംരംഭം ആരംഭിച്ച് ഗുണനിലവാരമുള്ള വിത്തുകള്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വലിയ വില കൊടുത്ത് വാങ്ങി മത്സ്യകൃഷി പുനരാരംഭിക്കാൻ എത്ര കർഷകർക്ക് സാധിക്കും?.

ALSO READ:'കോവാക്‌സിൻ സ്വീകരിച്ച 30% പേർക്കും 1 വർഷത്തിനുശേഷം ആരോഗ്യപ്രശ്‌നങ്ങൾ'; പഠന ഫലം ഇങ്ങനെ

ABOUT THE AUTHOR

...view details