എറണാകുളം:കൊച്ചിയിൽ നിന്നും മൂന്നാറിലേക്ക് പറക്കാൻ ഇനി വെറും 30 മിനിറ്റ്. വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പിന് വഴിയൊരുക്കാൻ സീപ്ലെയിൻ വരുന്നു. പരീക്ഷണപ്പറക്കലിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ കൊച്ചി കായലിൽ നിന്ന് പറന്നുയർന്ന് മാട്ടുപ്പെട്ടി ജലാശയത്തിൽ പറന്നിറങ്ങും.
കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീപ്ലെയ്നുകൾ. യാത്രക്കാർക്ക് കാഴ്ചകൾ നന്നായി കാണാൻ കഴിയുന്ന തരത്തില്‍ സീപ്ലെയ്നുകളില് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൊച്ചിയിൽ നിന്നും മൂന്നാറിലേക്കുള യാത്രയിൽ മൂന്നാറിന്റെയും പശ്ചിമഘട്ടത്തിന്റെയും കാഴ്ചകൾ യാത്രകാർക്ക് ആസ്വദിക്കാൻ കഴിയും.
കൊച്ചി കായലിലെ ബോൾഗാട്ടി മറീനയിൽ നിന്നാണ് സീപ്ലെയിൻ പരീക്ഷണ പറക്കൽ ആരംഭിക്കുക. കെഎസ്ഇബിയുടെ പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മാട്ടുപ്പെട്ടി ജലാശയത്തിൽ സീപ്ലെയിൻ ലാന്റ് ചെയ്യും. കൊച്ചിയിൽ നിന്നും റോഡ് മാർഗം മൂന്നാറിലെത്താൻ നാല് മണിക്കൂർ സമയമെടുക്കും. എന്നാൽ ടൂറിസ്റ്റ് സീസൺ സമയങ്ങളിൽ ഗതാഗത കുരുക്കിനെ തുടർന്ന് അഞ്ചു മണിക്കൂറും അതിലേറെയും സമയമെടുക്കാറുണ്ട്.
സീപ്ലെയിൻ കൊച്ചിയിൽ നിന്ന് മൂന്നാറിലേക്കുള യാത്ര സമയം വെറും 30 മിനിറ്റായി കുറയ്ക്കും. തടസങ്ങളില്ലാത്ത ആകാശ യാത്ര വേറിട്ടൊരു കാഴ്ചാനുഭവം കൂടിയാണ് സമ്മാനിക്കുക. സീപ്ലെയി൯ പദ്ധതി കേരളത്തിലെ വിനോദ സഞ്ചാരമേഖലയിൽ വിപ്ലവം സൃഷ്ടിക്കുമെന്നും ഏവിയേഷ൯ സെക്രട്ടറി ബിജു പ്രഭാക൪ ഇടിവി ഭാരതിനോട് പറഞ്ഞു.
മൂല്യമുള്ള വിനോദ സഞ്ചാര സാധ്യതകൾ വികസിപ്പിക്കുകയാണ് ലക്ഷ്യം. ടൂറിസത്തിനു പുറമേ മെഡിക്കൽ ആവശ്യങ്ങൾക്കും വിഐപികൾക്കും ഉദ്യോഗസ്ഥ൪ക്കും അവശ്യഘട്ടങ്ങളിൽ സഞ്ചരിക്കാനും അടിയന്തര ഘട്ടങ്ങളിൽ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും സീപ്ലെയിൻ പ്രയോജനപ്പെടുത്താം. ടൂറിസം ഓപ്പറേറ്റ൪മാരെയും ജനങ്ങളെയും പദ്ധതിയുടെ സാധ്യത ബോധ്യപ്പെടുത്തുന്ന സ൪വീസ് മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എട്ടോളം ജലാശയങ്ങളെ ബന്ധിപ്പിച്ച് സീപ്ലെയിൻ സർവീസ് നടത്തും
കേന്ദ്രസർക്കാറിന്റെ ആര് സി എസ് ഉഡാൻ പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്ത് പദ്ധതി ആരംഭിക്കുന്നത്. മൂന്ന് വർഷത്തേക്ക് കേരളത്തിലെ എട്ടോളം ജലാശയങ്ങളെ ബന്ധിപ്പിച്ച് സീപ്ലെയിൻ സർവീസ് നടത്താൻ കേന്ദ്ര സർക്കാർ സമ്മതം അറിയിച്ചിട്ടുണ്ട്. ആറോ എട്ടോ മാസത്തിനുള്ളിൽ സീപ്ലെയിൻ യാത്ര സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.