മാവൂർ ഗ്രാസിം കോളനി പരിസരത്ത് വൻ തീപിടിത്തം കോഴിക്കോട്: മാവൂരിൽ വന്‍ തീപിടിത്തം. രാജീവ് ഗാന്ധി കൺവൻഷൻ സെന്‍ററിന് പിറകുവശത്തെ ഗ്രാസിം കോളനിയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് (ഏപ്രിൽ 30) ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. തീപിടിത്തത്തിൽ ഗ്രാസിം കോളനിയിലെ പഴയ ക്വാർട്ടേഴ്‌സുകളും നിരവധി മരങ്ങളും കത്തി നശിച്ചു.
കൺവെൻഷൻ സെന്‍ററിന് പിറകുവശത്ത് കൂട്ടിയിട്ട മാലിന്യത്തിൽ നിന്നാണ് ആദ്യം തീ കത്തിയത്. പിന്നീട് കോളനി പരിസരത്തേക്ക് തീ ആളിപ്പടർന്നു. നാട്ടുകാർ ചേർന്ന് തീ അണക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് ഫയർ യൂണിറ്റിനെ വിവരമറിയിക്കുകയായിരുന്നു.
മുക്കം ഫയർ യൂണിറ്റ് സ്ഥലത്തെത്തി തീ അണക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണവിധേയമായില്ല. പിന്നീട് ഒരു ഫയർ യൂണിറ്റ് കൂടി സ്ഥലത്തെത്തിയ ശേഷമാണ് തീയണക്കാനായത്. വൈകുന്നേരം നാല് മണിയോട് കൂടിയാണ് തീ നിയന്ത്രിക്കാനായത്.
മുക്കം ഫയർ സ്‌റ്റേഷൻ ഓഫിസർ എം എ അബ്‌ദുൽ ഗഫൂർ, ഗ്രേഡ് അസിസ്‌റ്റന്‍റ് സ്‌റ്റേഷൻ ഓഫിസർ അബ്‌ദുൽ ഷുക്കൂർ, ഓഫിസർമാരായ കെ സി അബ്‌ദുൽ, വി സലീം, സലിം, ആർ മിഥുൻ, പി നിയാസ്, കെ ടി സാലിഹ്, പി പി ജമാലുദ്ദീൻ, ഹോം ഗാർഡുമാരായ ചാക്കോ ജോസഫ് , സി എഫ് ജോഷി, വിജയകുമാർ തുടങ്ങിയവരാണ് തീ അണക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
Also Read: പൂവാട്ടുപറമ്പിലെ ആറ് ഏക്കർ വയലിൽ വന്‍ തീപിടിത്തം: വ്യാപകമായി കൃഷികൾ കത്തി നശിച്ചു