കേരളം

kerala

ETV Bharat / state

സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാനത്തിന് ആശ്വാസം; 13600 കോടി രൂപ കടമെടുക്കാന്‍ കേന്ദ്ര അനുമതി - borrowing 13600 crores

സംസ്ഥാനം സുപ്രീംകോടതിയില്‍ നൽകിയ ഹര്‍ജിയിന്‍മേലാണ് കേന്ദ്രത്തിന്‍റെ അംഗീകാരം

central government permission  central approval borrow13600 crores  കടമെടുക്കാന്‍ കേന്ദ്ര അനുമതി  സംസ്ഥാനത്തിന് 13600 കോടി രൂപ  സാമ്പത്തിക പ്രതിസന്ധി
relief for kerala central approval

By ETV Bharat Kerala Team

Published : Mar 6, 2024, 2:02 PM IST

Updated : Mar 6, 2024, 5:28 PM IST

തിരുവനന്തപുരം:കനത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാന സര്‍ക്കാരിന് ആശ്വാസമായി 13600 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രത്തിന്‍റെ അനുമതി. കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം സുപ്രീംകോടതിയില്‍ നൽകിയ ഹര്‍ജിയില്‍ ഇന്ന് നടന്ന വാദത്തിലാണ് സംസ്ഥാനത്തിന്‍റെ ആവശ്യത്തിന് കേന്ദ്രം ഭാഗികമായ അംഗീകാരം നൽകിയത് (Central Approval To Borrow 13600 Crores).

സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി ഉയര്‍ത്താന്‍ അനുമതി നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന ആവശ്യത്തില്‍ കേരളത്തിന് ആശ്വാസമേകുന്ന നീക്കമാണ് ഇന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായത്. കടമെടുപ്പ് പരിധി കേസ് സുപ്രീം കോടതിയില്‍ തുടരുന്നതിനിടെയാണ് 13600 കോടി കടമെടുക്കാന്‍ കേന്ദ്രം കേരളത്തിന് അനുമതി നല്‍കിയത്.

കേന്ദ്രം നിര്‍ദ്ദേശിച്ച 13600 കോടിയുടെ വായ്‌പ പരിധി സ്വീകാര്യമാണെന്ന് കേരളവും കോടതിയില്‍ അറിയിച്ചു. 13600 കോടി രൂപ കടമെടുക്കാനുള്ള അനുമതി കേന്ദ്രം നൽകിയെങ്കിലും ഇനിയും 15000 കോടി രൂപ കൂടി വേണമെന്ന് സംസ്ഥാനത്തിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ അറിയിച്ചു. അതേസമയം സംസ്ഥാനത്തിന്‍റെ ഹര്‍ജി പിന്‍വലിക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ കോടതിയെ സമീപിക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്നായിരുന്നു ജസ്‌റ്റിസ് കെ.വി. വിശ്വനാഥന്‍റെ നിരീക്ഷണം. സംസ്ഥാനവും കേന്ദ്രവുമായുള്ള ചര്‍ച്ച തുടരണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം സംസ്ഥാനം നൽകിയ ഹര്‍ജിയിലെ ആവശ്യങ്ങളെല്ലാം പരിഗണിക്കാന്‍ സമയമെടുക്കുമെന്നും എത്രമാത്രം ഇതില്‍ കോടതിക്ക് ഇടപെടാനാകുമെന്നത് പരിശോധിക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. അധിക തുകയുടെ കാര്യത്തില്‍ കേന്ദ്രവും കേരളവും ചര്‍ച്ച നടത്തി തീരുമാനമെടുക്കാനും കോടതി നിര്‍ദ്ദേശിച്ചു.

ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നതെന്ന് കേരളം സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു. പെന്‍ഷന്‍, ക്ഷാമബത്ത, മറ്റ് ക്ഷേമ ആനുകൂല്യങ്ങള്‍ എന്നിവ നല്‍കാന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണ്. സംസ്ഥാനത്ത് ഓവര്‍ഡ്രാഫ്റ്റിന് സമാനമായ സാഹചര്യമാണുള്ളതെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു. കഷ്‌ടിച്ച് ശമ്പളം നല്‍കാനുള്ള പണം മാത്രമാണ് സര്‍ക്കാരിന്‍റെ കൈയിലുള്ളതെന്നും കേരളം സൂചിപ്പിച്ചു.

കടമെടുപ്പ് പരിധിയില്‍ സുപ്രീം കോടതി ഇടപെടരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റേയും സംസ്ഥാന സര്‍ക്കാരിന്‍റേയും ധനക്കമ്മി താരതമ്യം ചെയ്യാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. സുപ്രീം കോടതി നിര്‍ദേശമനുസരിച്ച് ഇരു സംസ്ഥാനങ്ങളും പ്രതിസന്ധി പരിഹരിക്കാന്‍ നടത്തിയ ചര്‍ച്ചയില്‍ കേന്ദ്രം പോസിറ്റീവ് നിലപാടാണ് സ്വീകരിച്ചതെന്നും അഭിഭാഷകന്‍ അറിയിച്ചു.

Last Updated : Mar 6, 2024, 5:28 PM IST

ABOUT THE AUTHOR

...view details