കേരളം

kerala

ETV Bharat / state

"അപ്പാ വസ്‌തു വിറ്റോ കടം വാങ്ങിയോ എന്നെ ചികിത്സിക്കാമോ... ജോലി കിട്ടുമ്പോൾ ഞാൻ വീട്ടാം..."; സോഷ്യൽ മീഡിയയിൽ വൈറലായി സങ്കടക്കുറിപ്പ് - HEART BREAKING FB POST SNEHA DEATH

ക്യാന്‍സർ ബാധിച്ച് മരിച്ച സ്നേഹ അന്ന ജോസിന്‍റെ ബന്ധു ഷാജി കെ മാത്തൻ എഫ്ബിയിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വായിക്കുന്നവരുടെ ഉള്ളിൽ സങ്കടക്കടൽ നിറക്കുന്നത്.

By ETV Bharat Kerala Team

Published : 4 hours ago

PATHANATHITTA GIRL DIES FROM CANCER  YOUNGSTER SNEHA ANNA DIES OF CANCER  VIRAL SOCIAL MEDIA POST SNEHA DEATH  PATHANAMTHITTA LATEST NEWS
Sneha Anna Jose (Etv Bharat)

പത്തനംതിട്ട: ജീവിതത്തിന്‍റെ യൗവ്വന മുറ്റത്തു നിൽക്കുമ്പോളാണ് അന്നയെന്ന 26 കാരിയെ ക്യാൻസർ കൊണ്ടുപോയത്. ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു അവൾക്ക്. അതൊക്ക യാഥാർഥ്യമാക്കാൻ രോഗം ഭേദമായി ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരണമെന്ന് അന്നയ്ക്ക് നന്നായി അറിയാമായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഗൂഗിളിൽ കയറി ക്യാൻസറിനുള്ള മരുന്നുകളും ചികിത്സകളും മനസിലാക്കി അവൾ അപ്പനോട് പറഞ്ഞു, 'അപ്പാ.. വസ്‌തു വിറ്റോ, കടം വാങ്ങിയോ എന്നെ ചികിത്സിക്കാമോ.. ജോലി കിട്ടുമ്പോൾ ഞാൻ വീട്ടാം'.

പക്ഷെ ഒന്നിനും കാത്തു നിർത്താതെ ക്യാൻസർ അവളെ ഈ ലോകത്തു നിന്നും കൂട്ടികൊണ്ട് പോയി. പത്തനംതിട്ട മഞ്ഞിനിക്കര ഊന്നുകൽ സ്വദേശിനി സ്നേഹ അന്ന ജോസിന്‍റെ മരണത്തിൽ ബന്ധുവായ ഷാജി കെ മാത്തൻ എന്നയാള്‍ എഫ്ബിയിൽ പങ്കുവച്ച ഉള്ളുപൊള്ളുന്ന കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ക്യാൻസർ തന്നെ കീഴടക്കുമെന്ന് മനസിലാക്കിയ അന്ന, മരിക്കുമ്പോൾ പത്രത്തിൽ വാർത്ത നൽകണമെന്ന് പറഞ്ഞ് അതിനൊപ്പം ചേർക്കേണ്ട ചിത്രവും തിരഞ്ഞെടുത്തു നൽകിയെന്ന് ഷാജി പോസ്‌റ്റിൽ കുറിക്കുമ്പോൾ വായിക്കുന്നവരുടെയും കണ്ണു നനയുകയാണ്.

ഷാജി കെ മാത്തന്‍റെ എഫ്ബി പോസ്‌റ്റിന്‍റെ പൂർണരൂപം:

"ഈ ഫോട്ടോ വേണം പത്രത്തിൽ കൊടുക്കുവാൻ.. ഇത് എൻ്റെ സ്നേഹമോൾ.. എൻ്റെ സഹോദരി ഷീജയുടെ ഒരേയൊരു മകൾ.. സ്നേഹയെന്ന പേര് തിരഞ്ഞെടുത്തത് ഞാനായിരുന്നു. പേരുപോലെ തന്നെ സ്നേഹവും, അച്ചടക്കവും, വിനയവുമുള്ളവൾ.

പത്താംതരം വരെ പഠനത്തിൽ മെല്ലെപ്പോക്ക്. പിന്നീടവൾ സ്വപ്‌നം കാണുവാൻ തുടങ്ങി.. 11, 12 ൽ മികച്ച മാർക്കുകൾ, എഞ്ചിനീയറിങ് അവസാന വർഷമെത്തുമ്പോൾ അസുഖ ബാധിതയായിട്ടും 90% ലധികം മാർക്ക്. അവളെ പിടികൂടിയ അസുഖം ചെറുതല്ല എന്നറിഞ്ഞിട്ടും അവൾ പുഞ്ചിരിച്ചു. ഗൂഗിളിൽ കയറി മരുന്നുകളും, ചികിത്സകളും മനസിലാക്കി അപ്പനോട് പറഞ്ഞു. വസ്‌തു വിറ്റോ, കടം വാങ്ങിയോ എന്നെ ചികിത്സിക്കാമോ..

ജോലി കിട്ടുമ്പോൾ ഞാൻ വീട്ടാം. അങ്ങനെ മജ്ജ മാറ്റിവച്ചു.. ശേഷം അവൾ സ്വപ്‌നം കണ്ട ചെറിയ ജോലിയിൽ കയറി. ചെറുചിരികളുമായി സന്തോഷം പങ്കിട്ടു. പോന്നപ്പോൾ രണ്ടര വർഷത്തിനു ശേഷം അവളെ തേടി വീണ്ടുമതെ അസുഖമെത്തി. ചില ക്യാൻസറങ്ങനെയാണ്. രണ്ടാമതും മജ്ജ മാറ്റിവച്ചു. അവൾക്കായി എല്ലാ ചികിത്സകളും ചെയ്‌തു. ഇന്നിപ്പോൾ എല്ലാം വിഫലം..

ഇനിയും കുറച്ച് ആഗ്രഹങ്ങൾ ബാക്കിയുണ്ട്. പത്രത്തിൽ കൊടുക്കേണ്ടതായ ഫോട്ടോ ഇതായിരിക്കണം.. ഫ്ലക്‌സ് വക്കുകയാണങ്കിൽ ഈ ഫോട്ടോ തന്നെ വേണം.. പുതിയ സെറ്റ് ഉടുപ്പിക്കണം.. ചുറ്റും റോസാ പൂക്കൾ വേണം.. ഇനി ഞങ്ങൾക്ക് ചെയ്‌തു തീർക്കുവാൻ നിൻ്റെ കൊച്ചു കൊച്ചു സ്വപ്‌നങ്ങൾ മാത്രം.. ധാരാളം മെസേജുകളും, വിളികളും വരുന്നതിനാൽ വ്യക്തമായ ഒരു പോസ്‌റ്റിടുകയാണ്. ഫോണെടുക്കുവാൻ പലപ്പോഴും കഴിയാറില്ല. ക്ഷമിക്കുക."

Also Read:ആലുവയിലെ മൃഗക്കൊഴുപ്പ് സംസ്‌കരണ കമ്പനിയിൽ സ്‌ഫോടനം; ഒഡീഷ സ്വദേശി മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

ABOUT THE AUTHOR

...view details