തിരുവനന്തപുരം : 'പരിമിതി ഓര്‍ത്ത് സങ്കടപ്പെടാൻ സമയമില്ല, ഞാൻ ഭിന്നശേഷിക്കാരിയാണെന്ന ചിന്ത എനിക്കില്ല, പിന്നെന്തിന് സങ്കടപ്പെടണം'-ജന്മനായുള്ള പൂർണ അന്ധതയെ തോല്‍പ്പിച്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ പൊളിറ്റിക്കൽ സയൻസ് ഒന്നാം വർഷ വിദ്യാർഥി ഫാത്തിമ അൻഷിയുടെ വാക്കുകളാണിത് (Fathima Anshi Thiruvananthapuram University College). ഈ ആത്മവിശ്വാസത്തിന്‍റെ കരുത്തില്‍ നിരവധി നേട്ടങ്ങളാണ് ഫാത്തിമ കയ്യടക്കിയത്. കലാ മത്സരങ്ങളിലെ സംസ്ഥാന ജേതാവിൽ തുടങ്ങി കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്‍റെ ശ്രേഷ്‌ഠ ദിവ്യ ബാലിക പുരസ്‌കാരത്തിൽ വരെ അതെത്തി നിൽക്കുന്നു. ഇതിനിടെ പഠനത്തിലും ഉയർന്ന വിജയങ്ങൾ.
വിഡ്ഢികളുടെ നിഖണ്ഡുവിലാണ് അസാധ്യം എന്ന വാക്കിന് സ്ഥാനം, പോരാളിയായ നെപ്പോളിയന്‍റെ ഈ വാക്കുകൾ ചേർത്തുവച്ചാണ് ഫാത്തിമ അൻഷി മുന്നോട്ട് പോകുന്നത്. മലപ്പുറം പെരിന്തൽമണ്ണയിലെ എടപ്പറ്റയിൽ നിന്നും തുടങ്ങിയ ആ യാത്ര കലാമത്സരങ്ങളിലെ സംസ്ഥാന പ്രതിഭ, കേരള സർക്കാരിന്‍റെ പ്രഥമ ഉജ്ജ്വല ബാല്യ അവാർഡ് ജേതാവ് എന്നിവയിൽ തുടങ്ങി തിരുവനന്തപുരം ജില്ലയുടെ പിഡബ്ല്യുഡി വോട്ടേഴ്‌സ് ഐക്കണ്‍ അംഗീകാരത്തില്‍ വരെ എത്തി നിൽക്കുന്നു. ഇതിനിടെ 2022ൽ രാഷ്ട്രപതിയിൽ നിന്നും കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്‍റെ ശ്രേഷ്‌ഠ ദിവ്യ ബാലിക പുരസ്‌കാരവും ഏറ്റുവാങ്ങി മലയാളികൾക്കും അഭിമാനമായി (National award winner Fathima Anshi).