ഇടുക്കി:കര്‍ഷകര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് വിളകളിലെ ഒച്ചുകളുടെ ആക്രമണം. കഷ്‌ടപ്പെട്ട് നട്ടുവളർത്തുന്ന ചെടികളും, പച്ചക്കറികളുമെല്ലാം നിമിഷനേരം കൊണ്ടാണ് അവ നശിപ്പിക്കുന്നത്. ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഇടുക്കിയില്‍ നിന്നൊരു വനിത കര്‍ഷക.
ജൈവ രീതിയില്‍ ഒച്ചുകളെ തുരത്താനുള്ള പൊടി രൂപത്തിലുള്ള മരുന്ന്, നെടുങ്കണ്ടം വലിയതോവാള സ്വദേശി മഞ്ചു വികസിപ്പിച്ചെടുത്തു. സംസ്ഥാനത്തെ മികച്ച കര്‍ഷകയ്ക്കുള്ള പുരസ്‌കാരം നേടിയിട്ടുള്ള മഞ്ചു, കാര്‍ഷിക രംഗത്തെ മികച്ച സംരംഭക കൂടിയാണ്.
പച്ചക്കറി, പഴ വര്‍ഗ കൃഷികളില്‍ ഒച്ചുകള്‍ വന്‍ വെല്ലുവിളി ഉയര്‍ത്തിയതോടെയാണ്, ഇവയെ തുരത്തുന്നതിനായി പരിഹാരം കണ്ടെത്താന്‍ മഞ്ചു നിര്‍ബന്ധിതയായത്. ഒച്ചുകള്‍ അധികം ആക്രമിക്കാത്ത ചെടികളെ നിരീക്ഷിച്ച് അവയുടെ ഇലകളും മുട്ടത്തോടും മറ്റ് ജൈവ മിശ്രിതങ്ങളും ചേര്‍ത്തൊരുക്കിയ മരുന്ന് വിജയകരമായി പരീക്ഷിക്കാന്‍ ഇവര്‍ക്കായി.