കൊല്ലം :ഇരുപത്തിരണ്ടാം വയസിലാണ് ഒരു നാടിനെ തന്നെ ദുഃഖത്തിലാഴ്ത്തി അഖില വിടപറയുന്നത്. പ്രിയപ്പെട്ടവൾ ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന സത്യം ഉൾക്കൊള്ളാൻ മാതാപിതാക്കൾക്കും സഹോദരിക്കും കൂട്ടുകാർക്കും നാട്ടുകാർക്കും ഇതുവരെയും കഴിഞ്ഞിട്ടില്ല. കളിയും ചിരിയും ഒരുപാട് സ്വപ്‌നങ്ങളുമായി ജീവിച്ച ആ പെൺകുട്ടിയുടെ ഓർമ നിലനിർത്താൻ അവളുടെ കല്ലറയിൽ ക്യൂആർ കോഡും വെബ്സൈറ്റ് അഡ്രസും പതിപ്പിച്ചിരിക്കുകയാണ് വീട്ടുകാർ.
കൊട്ടാരക്കര വാളകം ആക്കാട്ട് റെജി വിലാസത്തിൽ റെജിയുടെയും മിനിയുടെയും ഇളയമകളായ അഖില റെജിയുടെ കല്ലറയിലാണ് ക്യൂആർ കോഡും വെബ്സൈറ്റ് അഡ്രസും സ്ഥാപിച്ചിട്ടുള്ളത്. നന്നായി പാടുകയും നൃത്തം ചെയ്യുകയും ചിത്രം വരയ്ക്കുകയും ചെയ്യുമായിരുന്ന അഖിലയുടെ ഡാൻസും വരകളും ചിത്രങ്ങളുമെല്ലാം ക്യൂആർ കോഡ് സ്‌കാൻ ചെയ്‌താൽ കാണാം. അഖിലയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചാണ് കല്ലറയിൽ അവളുടെ ഓർമകൾ നിറച്ച് www.akhilaammuzz.in എന്ന വെബ്സൈറ്റും ക്യൂആർ കോഡും ഉണ്ടാക്കിയത്.
ഡിജിറ്റൽ ലോകത്ത് മരണമില്ലാതെ പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന അഖിലയെ ഇതിലൂടെ കാണാം. നൂറ്റിമുപ്പത് ചിത്രങ്ങളും 25 വീഡിയോയുമാണ് ഇപ്പോൾ ഇതിലുള്ളത്. അവൾ എവിടേക്കും പോയിട്ടില്ലെന്നും വിരൽത്തുമ്പിനപ്പുറം അവൾ ജീവനോടെ ഉണ്ടെന്നും പ്രിയപ്പെട്ടവർക്ക് ആശ്വസിക്കാം. മകളുടെ നിറമുള്ള ഓർമകൾ കൺമുന്നിൽ കാണാനും എന്നെന്നും നിലനിര്‍ത്താനുമാണ് വാളകം മാർത്തോമ്മാ വലിയ പള്ളി സെമിത്തേരിയിലെ കല്ലറയിൽ വെബ്സൈറ്റും ക്യൂആർ കോഡും പതിപ്പിച്ചത്.
കൂടുതൽ ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുത്തി വെബ്സൈറ്റ് സജീവമാക്കാനാണ് തീരുമാനം. അഖിലയുടെ സഹോദരി അനിജയും ഭർത്താവ് ഫെലിക്‌സുമാണ് ആശയത്തിന് പിന്നിൽ. തിരുവനന്തപുരത്തെ സ്വകാര്യ സോഫ്‌റ്റ് വെയർ കമ്പിനിയാണ് വെബ്സൈറ്റും ക്യൂആർ കോഡും ഒരുക്കിയത്. രണ്ടരലക്ഷത്തോളം ചെലവഴിച്ചാണ് കല്ലറയുടെ സ്‌റ്റോൺ വർക്കിനും മറ്റും ഒരുമാസം കൊണ്ട് പൂർത്തിയാക്കിയത്.