കാസർകോട്:പെരിയ ഇരട്ടക്കൊലക്കേസ് ശിക്ഷാ വിധിക്ക് പിന്നാലെ വൈകാരിക രംഗങ്ങളാണ് കൃപേഷിൻ്റെയും ശരത്ത് ലാലിൻ്റെയും സ്‌മൃതി മണ്ഡപത്തില്‍ നടന്നത്. വിധി അറിഞ്ഞ് കൃപേഷിൻ്റെയും ശരത് ലാലിൻ്റെയും കുടുംബം പൊട്ടിക്കരഞ്ഞു. കേസിൻ്റെ വിധിയിൽ തൃപ്‌തരല്ലെന്ന് കൃപേഷിൻ്റെയും ശരത്തിൻ്റെയും കുടുംബം പ്രതികരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേസിൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് അഭ്യർഥിച്ചിരുന്നു. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്ക് വധശിക്ഷ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇരട്ട ജീവപര്യന്തമാണ് ലഭിച്ചത്. സിപിഎം നേതാക്കൾക്ക് നൽകിയ ശിക്ഷ കുറഞ്ഞു പോയെന്നും കൃപേഷിൻ്റെ അച്ഛൻ കൃഷ്‌ണൻ പ്രതികരിച്ചു. അവർക്ക് അഞ്ച് വർഷം മാത്രമാണ് ശിക്ഷ നൽകിയിരിക്കുന്നത്.
ശിക്ഷ കുറഞ്ഞതിനാൽ പ്രോസിക്യൂട്ടറുമായി ആലോചിച്ച് ഏതറ്റം വരെയും പോയി ശിക്ഷ നേടി കൊടുക്കുമെന്നും കുടുംബം അറിയിച്ചു. കോൺഗ്രസ് നേതാക്കള്‍ സ്‌മൃതി മണ്ഡപത്തിന് മുന്നിൽ നിന്നും മുദ്രാവാക്യം വിളിച്ചു പ്രതിഷേധം അറിയിച്ചു. കേസിൽ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.
ശരത് ലാലിൻ്റെ അച്ഛൻ സത്യനാരായണൻ, കൃപേഷിൻ്റെ സഹോദരി കൃപ, രാജ്‌മോഹൻ ഉണ്ണിത്താൻ എംപി എന്നിവർ സംസാരിക്കുന്നു. (ETV Bharat) ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും ചുമത്തി. എറണാകുളം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ കെ വി കുഞ്ഞിരാമന് അഞ്ച് വർഷം തടവും 10000 രൂപ പിഴയും വിധിച്ചു. ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്ന് കോടതിയില്‍ പ്രതിഭാഗം വാദിച്ചു.
കുറ്റകൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നും പ്രതിഭാഗം വ്യക്തമാക്കി. പ്രതികള്‍ സ്ഥിരം കുറ്റവാളികള്‍ അല്ല. മാനസാന്തരത്തിന് സാധ്യതയുണ്ട്. പല സാക്ഷി മൊഴികളിലും വൈരുധ്യമുണ്ട് എന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, സിപിഐഎം ഉദുമ മുന്‍ ഏരിയ സെക്രട്ടറി കെ മണികണ്‌ഠന്‍ അടക്കം 14 പേര്‍ കുറ്റക്കാരാണെന്ന് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു.
ഒന്നാം പ്രതിയായ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്‍ ഉള്‍പ്പെടെ എട്ട് പ്രതികള്‍ക്കെതിരെ കൊലക്കുറ്റമാണ് തെളിഞ്ഞത്. ടി രഞ്ജിത്ത്, എ സുരേന്ദ്രന്‍ എന്നിവര്‍ തെളിവ് നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കണ്ടെത്തി. രണ്ടാം പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് കടത്തിക്കൊണ്ട് പോയെന്ന കുറ്റമാണ് മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ ചുമത്തിയത്. ആറ് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് വിധി പ്രഖ്യാപിച്ചത്. 24 പ്രതികളില്‍ 10 പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു
Also Read:ആറുവര്‍ഷം കാത്തിരുന്ന വിധി, പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം