കോഴിക്കോട്:വ്യാജ ഓഹരിയിടപാട് ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള തട്ടിപ്പിൽ കോഴിക്കോട് സ്വദേശിക്ക് 4.8 കോടി രൂപ നഷ്ടമായി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിറ്റി സൈബർ ക്രൈം പൊലീസ് ഡിജിറ്റൽ തെളിവുകൾ ശേഖരിക്കും.
തട്ടിപ്പിന് പിന്നിൽ രാജ്യാന്തര ശൃംഖലയാണെന്നാണ് പ്രാഥമിക വിവരം. വാട്സ്ആപ്പ് വഴി 'ഗ്രോ' എന്ന ഓഹരിയിടപാട് ആപ്ലിക്കേഷൻ ആണെന്ന വ്യാജേനയാണ് തട്ടിപ്പ് നടന്നത്. ഓഹരിയിടപാട് വഴിയും ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണല്‍ ഇൻവെസ്റ്റര്‍ മുഖാന്തരം പ്രാരംഭ പബ്ലിക് ഓഫർ (ഐപിഒ) വഴിയും കൂടുതല്‍ നിക്ഷേപം നടത്തി വന്‍തോതില്‍ ലാഭം നേടാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സംരംഭകനിൽ നിന്ന് പണം തട്ടിയത്.
2024 മെയിലാണ് തട്ടിപ്പുകാർ പരാതിക്കാരനെ ബന്ധപ്പെടുന്നത്. വാട്സആപ്പ് വഴി ഓഹരിയിടപാട് സംബന്ധമായി ലഭിച്ച ഒരു സന്ദേശത്തിൽ നിന്നാണ് തട്ടിപ്പിന്റെ തുടക്കം. സന്ദേശം പിന്തുടർന്നതോടെ ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യിപ്പിച്ചു.
അഡ്മിൻ പാനലിൽ ഉള്ള ഒരു നമ്പറിൽ നിന്ന് ചീഫ് സ്ട്രാറ്റജിക് അനലിസ്റ്റ് ആണെന്ന് പരിചയപ്പെടുത്തി ഒരാൾ പരാതിക്കാരനുമായി ബന്ധപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ക്കായി അയാളുടെ അസിസ്റ്റന്റിന്റെ നമ്പറും അയച്ചുകൊടുത്തു. അസിസ്റ്റന്റുമായി ബന്ധപ്പെട്ട പരാതിക്കാരന് ഗ്രോ എന്ന ഓഹരിയിടപാട് ആപ്ലിക്കേഷന്റെ ലോഗോയും അവരുടെ വെബ്സൈറ്റിന് സമാനമായ പേരുള്ള വെബ്സൈറ്റ് ലിങ്കും നൽകി. ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയുെ ചെയ്തു. ശേഷം അതിന്റെ ലോഗിൻ ഐഡിയും പാസ്വേഡും വാട്സ്ആപ്പ് വഴി അയച്ചുകൊടുത്തു.
ആപ്ലിക്കേഷൻ സംബന്ധമായ സംശയങ്ങൾ ചോദിക്കുന്നതിനായി കസ്റ്റമർ കെയര്‍ നമ്പറുകളും നൽകി. വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഓഹരി വിപണി സംബന്ധമായ ടിപ്പുകള്‍ അവർ പരാതിക്കാരന് കൊടുക്കുകയും ചെയ്തിരുന്നു. വാട്സ്ആപ്പ് നമ്പറുകള്‍ വഴി നൽകിയ ബാങ്ക് അക്കൗണ്ടുകളിലേക്ക് ആവശ്യപ്പെട്ടപ്രകാരം പണം നിക്ഷേപിച്ചപ്പോള്‍ അത് ആപ്ലിക്കേഷനിൽ പ്രതിഫലിക്കുകയും, അതുപയോഗിച്ച് പരാതിക്കാരന് ലഭിച്ച ടിപ്പുകൾ പ്രകാരം ഓഹരിയിടപാട് നടത്തിയപ്പോൾ അതിന്റെ ലാഭം കാണിച്ച്കൊടുക്കുകയും ചെയ്തു. മാത്രമല്ല ലാഭത്തിൽ കുറച്ച് തുക പിൻവലിക്കാനും സാധിച്ചു.
വാട്സ്ആപ്പ് ഗ്രൂപ്പില്‍ ലഭിക്കുന്ന ഓഹരി വിപണി സംബന്ധമായ ടിപ്പുകള്‍ യഥാർഥ ഓഹരി കമ്പോളത്തിൽ ട്രെൻഡിങ് ആയവയായതിനാൽ ആദ്യം സംശയമൊന്നും തോന്നിയില്ലെന്ന് പരാതിക്കാരൻ പറഞ്ഞു. കൂടുതല്‍ നിക്ഷേപം നടത്തി വന്‍തോതില്‍ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് പിന്നീട് വേറൊരു വാട്സ്ആപ്പ് ഗ്രൂപ്പിൽ എത്തിച്ചു കൂടുതൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും പരാതിക്കാരന് പുതിയ ആപ്ലിക്കേഷൻ ലിങ്ക് നൽകുകയും ചെയ്തു.
അതുവഴി വലിയ തുക നിക്ഷേപിച്ചതിൽ വലിയ ലാഭം കാണിച്ചു. പിൻവലിക്കാൻ ശ്രമിച്ചപ്പോൾ കൂടുതല്‍ തുക ലാഭത്തിൽ ആയാൽ മാത്രമേ സാധിക്കൂവെന്ന് അറിയിക്കുകയും വീണ്ടും നിക്ഷേപം നടത്താൻ വാട്സ്ആപ്പ് വഴി നിർദേശിക്കുകയും ചെയ്തു. അങ്ങനെ ചെയ്തപ്പോൾ നികുതിയായി വലിയ തുക അടയ്ക്കാൻ നിർദേശിച്ചു. കൂടാതെ ആപ്ലിക്കേഷന്റെ വിശ്വാസ്യത വർധിപ്പിക്കാനുള്ള സന്ദേശം വാട്സ്ആപ്പ് വഴി നൽകുകയും ചെയ്തു. ഇതോടെ സംശയം തോന്നിയ പരാതിക്കാരൻ 1930 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴി പരാതി രജിസ്റ്റർ ചെയ്തപ്പോഴാണ് തട്ടിപ്പ് മനസിലായത്.
Also Read:'ഫെഡെക്സ്'ന്റെ പേരില്‍ ഫോൺകോള്‍ തട്ടിപ്പ്; ഡിജിറ്റൽ സുരക്ഷയ്ക്ക് എന്തൊക്കെ ശ്രദ്ധിക്കണം