എറണാകുളം: വിവാഹേതര ബന്ധങ്ങള്‍ വര്‍ധിക്കുന്നതിലൂടെ കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്ന പ്രവണത കൂടുന്നതായും കുട്ടികളെ അത് ബാധിക്കുന്നതായും വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി. കൊച്ചിയിൽ കമ്മിഷൻ അദാലത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ഭാര്യമാരുടെയും ഭർത്താക്കന്മാരുടെയും വിവാഹേതര ബന്ധങ്ങള്‍ പരാതിയായി കമ്മിഷന് മുന്നിലെത്തുന്നു.
ഇത്തരം പരാതികൾ വർധിക്കുന്നതായും കമ്മിഷൻ ചൂണ്ടിക്കാണിച്ചു. ലിവിങ് ടുഗെതര്‍ ബന്ധം വര്‍ധിക്കുന്നതിനൊപ്പം കുട്ടികള്‍ ജനിച്ച് കഴിയുമ്പോൾ അവര്‍ക്ക് സംരക്ഷണം നല്‍കുന്നത് സംബന്ധിച്ചുള്ള തര്‍ക്കങ്ങളും കൂടുന്നതായും വനിതാ കമ്മിഷൻ അധ്യക്ഷ വ്യക്തമാക്കി. ഊഷ്‌മളമായ കുടുംബ ബന്ധങ്ങൾ നില നിർത്തുന്നതിനുളള അവബോധം സൃഷ്‌ടിക്കേണ്ടതുണ്ട്.
കുടുംബ ബന്ധങ്ങള്‍ നിലനിര്‍ത്തേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനായി ജാഗ്രതാ സമിതികളുടെ നേതൃത്വത്തിലുള്ള ബോധവത്‌കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും കമ്മിഷന്‍ പറഞ്ഞു.
തൊഴിലിടങ്ങളിലെ മാനസിക പീഡനം
തൊഴിലിടങ്ങളിലെ പീഡനവുമായി ബന്ധപ്പെട്ട് കമ്മീഷൻ്റെ മുമ്പാകെ വന്ന പരാതികളില്‍ അണ്‍ എയ്‌ഡഡ്, എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇൻ്റേണല്‍ കമ്മിറ്റികള്‍ കാര്യക്ഷമമായല്ല പ്രവർത്തിക്കുന്നതെന്ന് കമ്മിഷൻ വിലയിരുത്തി. സിസിടിവി ക്യാമറകളിലൂടെ അധ്യാപകരുടെ ചെറിയ ചലനങ്ങള്‍ പോലും നിരീക്ഷിച്ച് കൊണ്ട് അവരുടെ ആത്മവിശ്വാസം തകർക്കുന്ന രീതിയിൽ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും കമ്മിഷന് പരാതി ലഭിച്ചു. തൊഴിലിടങ്ങളില്‍ വനിതാ അധ്യാപകർക്ക് ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ സ്‌കൂൾ മാനേജ്‌മെൻ്റ് ശ്രദ്ധ പുലര്‍ത്തണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു.