കോഴിക്കോട് :ആർ.എം.പി നേതാവ് കെ.എസ് ഹരിഹരന്‍റെ വീടിനുനേരെ സ്‌ഫോടകവസ്‌തു എറിഞ്ഞ് ആക്രമണം നടത്തിയ സംഭവത്തിൽ കണ്ടാൽ അറിയാവുന്ന മൂന്ന് പേർക്കെതിരെ കേസ് എടുത്ത് പൊലീസ്. വീട് ആക്രമിച്ചതിന് പിന്നില്‍ സിപിഎം ആണെന്നും സിപിഎം അല്ലാതെ മറ്റാരും ഇത് ചെയ്യില്ലെന്നും കെ.എസ് ഹരിഹരൻ പറഞ്ഞു. ആക്രമണത്തിന് മുമ്പ് വീടിന് സമീപത്തുകണ്ട കാര്‍ വടകര രജിസ്‌ട്രേഷനിലുള്ളതാണ്. എന്നാൽ ഈ കാര്‍ ഇതിനോടകം കൈമാറി കഴിഞ്ഞിട്ടുണ്ടാകും.
മാപ്പ് പറഞ്ഞാൽ തീരില്ലെന്ന സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി.മോഹനന്‍റെ പ്രസ്‌താവനയുടെ തുടർച്ചയാണ് ആക്രമണമെന്നും അദ്ദേഹം ആരോപിച്ചു. ലളിതമായ ഖേദപ്രകടനത്തില്‍ ഇത് അവസാനിക്കില്ലെന്ന് ഇന്നലെ തന്നെ പി.മോഹനൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ രാത്രി 8:15 ഓടെയാണ് ഹരിഹരന്‍റെ വീടിന് നേരെ അക്രമികള്‍ സ്ഫോടക വസ്‌തു എറിഞ്ഞത്.
സ്ഫോടകവസ്‌തു മതിലില്‍ തട്ടി പൊട്ടി തെറിച്ചുപോയതിനാല്‍ ആര്‍ക്കും അപകടമൊന്നും സംഭവിച്ചില്ല. സ്ഫോടനം നടന്ന് അല്‍പസമയത്തിനകം ഇത് ചെയ്‌തവര്‍ തന്നെ തിരികെ വന്ന് അവശിഷ്‌ടങ്ങള്‍ വാരിയെടുത്ത് കൊണ്ടുപോയതായും ഹരിഹരൻ വെളിപ്പെടുത്തിയിട്ടുണ്ട്. വൈകാതെ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.