തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ മകളുടെ ഐടി കമ്പനിയായ എക്‌സാലോജിക് സംശയ നിഴലിലാകുന്നത് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആദായ നികുതി വകുപ്പിനിന്‍റെ ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡ് കണ്ടെത്തല്‍ പുറത്തു വന്നതോടെയാണ്. ഇപ്പോള്‍ എക്‌സാലോജിക്കിനെതിരെ ഇഡി അന്വേഷണം കൂടി എത്തുന്നു. അതും ഒരു തെരഞ്ഞെടുപ്പ് തൊട്ടു മുന്നില്‍ നില്‍ക്കെ.
1.72 കോടി രൂപ വീണ വിജയന്‍റെ കമ്പനി സിഎംആര്‍എല്‍ എന്ന കരിമണല്‍ കമ്പനിയില്‍ നിന്ന് കൈപ്പറ്റി എന്ന കണ്ടെത്തലാണ് ഇഡി അന്വേഷണത്തിലേക്ക് നയിച്ചത്. വീണ വിജയന്‍ നേരിട്ടും എക്‌സാലോജിക് കമ്പനി വഴിയും പണം കൈപ്പറ്റിയെന്നായിരുന്നു 2023 ജൂലൈയില്‍ ആദായ നികുതി ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡ് പുറത്ത് വിട്ടത്.
സേവനങ്ങളൊന്നും കമ്പനിക്ക് നല്‍കാതെ കൈപ്പറ്റിയ ഈ പണം മുഖ്യമന്ത്രിക്കുള്ള മാസപ്പടിയാണെന്ന ആരോപണമുയര്‍ന്നു. മാസപ്പടി ഡയറിയിലുള്ള പിവി എന്ന പേര് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷം ആരോപണമുയര്‍ത്തിയെങ്കിലും അദ്ദേഹം ഇക്കാര്യം നിഷേധിക്കുകയായിരുന്നു. സിഎംആര്‍എല്‍ എന്ന സ്വകാര്യ കമ്പനി വീണാ വിജയന് നല്‍കിയ 1.72 കോടി രൂപ സ്വീകാര്യമല്ലെന്ന് ആദായ നികുതി ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡ് ഉത്തരവിട്ടിരുന്നു. രേഖകളും തെളിവുകളും സഹിതമായിരുന്നു ഈ ഉത്തരവ്.
വീണാ വിജയനും മുഖ്യമന്ത്രിയുടെ കമ്പനിയും ഐടി സേവനങ്ങള്‍ക്കെന്ന പേരില്‍ കരാറുണ്ടാക്കി പണം കൈപ്പറ്റിയെങ്കിലും സേവനങ്ങളൊന്നും നല്‍കിയില്ലെന്നാണ് കണ്ടെത്തല്‍. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ 2016 ല്‍ അധികാരമേറ്റ ശേഷമാണ് ഈ കാരറില്‍ വീണ വിജയന്‍ ഏര്‍പ്പെടുന്നത്. കരാര്‍ ഒപ്പിട്ട സിഎംആര്‍എല്‍ കമ്പനിയിലെ ഉദ്യോഗസ്ഥരാണ് ഒരു സേവനവും എക്‌സാലോജിക് കമ്പനിയില്‍ നിന്ന് കിട്ടിയില്ലെന്ന് ആദായ നികുതി വകുപ്പിന് മൊഴി നല്‍കിയത്.
നിയമ പ്രകാരം തെളിവ് മൂല്യമുള്ള മൊഴി പിന്നീട് പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ശ്രമിച്ചെങ്കിലും വിശ്വാസ്യതയില്ലെന്ന് ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡ് വിലയിരുത്തി. കമ്പനിയിലെ ഐടി സംബന്ധമായ എല്ലാ കാര്യങ്ങളും ചെയ്‌തിരുന്നത് തങ്ങളാണെന്നും പുറത്ത് നിന്ന് ഒരു സേവനവും ഉണ്ടായിരുന്നില്ലെന്നും സിഎംആര്‍എല്‍ കമ്പനിയിലെ ഐടി വിഭാഗം മേധാവി എന്‍ സി ചന്ദ്രശേഖരന്‍, ഐടി ഓഫീസര്‍ അഞ്ചു റേച്ചല്‍ എന്നിവര്‍ നല്‍കിയ മൊഴിയും ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡ് ഉത്തരവിലുണ്ട്.
വീണയുടെ കരാര്‍ 2016 ഡിസംബറില്‍
2016 മേയില്‍ മുഖ്യമന്ത്രിയായതിന് പിന്നാലെ അതേ വര്‍ഷം ഡിസംബര്‍ മാസത്തിലാണ് വീണാ വിജയന്‍റെ കമ്പനിയും സിഎംആര്‍എല്‍ കമ്പനിയും തമ്മില്‍ കരാറില്‍ ഒപ്പുവയ്ക്കുന്നത്. ഐടി മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍റായി വീണാ വിജയനെ നിയമിച്ചുകൊണ്ടുള്ളതായിരുന്നു ആദ്യ കരാര്‍. പ്രതിമാസ പ്രതിഫലം 5 ലക്ഷം രൂപ. 2017 ജനുവരി 1 ന് കരാര്‍ പ്രാബല്യത്തില്‍ വന്നു.