തിരുവനന്തപുരം: മേപ്പാടി പഞ്ചായത്തിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ വിദഗ്‌ധ സംഘം ഇന്ന് (13-08-2024) പരിശോധന നടത്തും. നാഷണൽ സെന്‍റർ ഫോർ ജിയോസയൻസസിലെ മുതിർന്ന ശാസ്‌ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് എത്തുന്നത്. ദുരന്തമേഖലയുടെ വിവിധ ഭാഗങ്ങളിലെയും പരിസര പ്രദേശങ്ങളിലെയും അപകട സാധ്യതകൾ സംഘം വിലയിരുത്തും.
ദുരന്തമുണ്ടായത് എങ്ങനെയെന്നും ഉരുൾപൊട്ടലിൽ എന്ത് പ്രതിഭാസങ്ങളാണ് ഉണ്ടായതെന്നും വിശദമായി പരിശോധിക്കും. വിദഗ്‌ധ പരിശോധനയ്ക്ക് ശേഷം റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. പ്രദേശത്തിന് അനുയോജ്യമായ ഭൂവിനിയോഗവും വിദഗ്‌ധ സമിതി ശുപാർശ ചെയ്യും.
ജലവുമായി ബന്ധപ്പെട്ട ദുരന്തനിവാരണ കേന്ദ്രം (സിഡബ്ല്യുആർഎം) മേധാവിയും പ്രിൻസിപ്പൽ സയന്‍റിസ്റ്റുമായ ഡോ ടി കെ ദൃശ്യ്, സൂറത്ത്കൽ എൻഐടി അസോസിയേറ്റ് പ്രൊഫസർ ഡോ ശ്രീവൽസ കോലത്തയാർ, ജില്ലാ സോയില്‍ കണ്‍സര്‍വേറ്റീവ് ഓഫിസർ താര മനോഹരൻ, കേരള ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിറ്റി ഹസാർഡ്, റിസ്‌ക് അനലിസ്റ്റ് പി.പ്രദീപ് എന്നിവരും വിദഗ്‌ധ സംഘത്തിലുണ്ട്. 2005-ലെ ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിറ്റി ആക്‌ട് 24(എച്ച്) പ്രകാരമാണ് സംഘം പ്രവർത്തിക്കുന്നത്.