തിരുവനന്തപുരം: സെൻട്രൽ ജയിലിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് ചികിത്സയ്ക്കായി എത്തിച്ചപ്പോൾ പോലീസിന്‍റെ കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞ തടവുകാരനെ കണ്ടെത്തി. മെഡിക്കൽ കോളേജ് ആശുപത്രിക്ക് പിന്നിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നുമാണ് കാഞ്ഞിരംകുളം സ്വദേശി മുരളിയെ പിടികൂടിയത്.
ഇന്ന് (ഒക്‌ടോബർ 11) രാവിലെ 10 മണിയോടെയായിരുന്നു മുരളിയെ ആശുപത്രിയിലെത്തിച്ചത്. ഒപി ടിക്കറ്റ് എടുത്ത ശേഷം കാത്ത് നിൽക്കുന്നതിനിടെയാണ് മുരളി പോലീസിന്‍റെ കണ്ണ് വെട്ടിച്ച് കടന്നു കളഞ്ഞത്. പിന്നാലെ ജയിൽ ഉദ്യോഗസ്ഥർ പ്രദേശത്ത് വ്യാപകമായി തെരച്ചിൽ നടത്തുകയും മെഡിക്കൽ കോളേജ് ആശുപത്രിക്ക് പിന്നിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നും ഉച്ചയ്ക്ക് 1:45 ഓടെ പ്രതിയെ പിടികൂടുകയായിരുന്നു.