കോണ്‍ഗ്രസിന്‍റെ ഹൃദയഭൂമിയെന്ന വിശേഷണമുള്ള മണ്ഡലമാണ് എറണാകുളം. തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ എന്നും യുഡിഎഫിന് അനുകൂലമാണ് ഇവിടം. അതുകൊണ്ട് തന്നെ യുഡിഎഫ് ക്യാമ്പ് പൂര്‍ണ ആത്മവിശ്വാസത്തിലാണ്.
ഹൈബി ഈഡനിലൂടെ മണ്ഡലം നിലനിര്‍ത്താനാകുമെന്നാണ് വലതുമുന്നണിയുടെ പ്രതീക്ഷ. വികസന പ്രവര്‍ത്തനങ്ങള്‍ എടുത്തുപറഞ്ഞായിരുന്നു വോട്ട് തേടലും പ്രചാരണവും. കഴിഞ്ഞ തവണ പി രാജീവിനെ 169,153 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഹൈബി ഈഡൻ മറികടന്നത്. വോട്ടിങ് ശതമാനത്തില്‍ ഇക്കുറി നേരിയ ഇടിവ് ഉണ്ടായിട്ടുണ്ടെങ്കിലും ജയം ഉറപ്പെന്നാണ് യുഡിഎഫിന്‍റെ കണക്ക് കൂട്ടല്‍.
തൃപ്പൂണിത്തുറ, തൃക്കാക്കര, എറണാകുളം, കൊച്ചി നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ലോക്‌സഭ മണ്ഡലമാണ് എറണാകുളം. സമുദായ സമവാക്യങ്ങള്‍ക്കും ഏറെ പ്രാധന്യമുള്ള മണ്ഡലമാണ് എറണാകുളം. അവിടെ, ലത്തീൻ സമുദായംഗവും അധ്യാപികയുമായ കെ ജെ ഷൈൻ എന്ന വനിത സ്ഥാനാര്‍ഥിയെ കളത്തിലിറക്കിയതോടെ മികച്ച നീക്കമാണ് എല്‍ഡിഎഫും നടത്തിയിരിക്കുന്നത്. സ്‌ത്രീ വോട്ടര്‍മാര്‍ ഏറെയുള്ളതും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് ഇടതുപാളയം. ട്വന്‍റി20ക്കും നിര്‍ണായ സ്വാധീനമുള്ള മണ്ഡലമാണിത്. ചാര്‍ലി പോളിനെയാണ് ഇക്കുറി ട്വന്‍റി20 കളത്തിലിറങ്ങിയിരിക്കുന്നത്.
ഓരോ തെരഞ്ഞെടുപ്പുകളിലും തങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമാക്കാൻ ബിജെപിയ്‌ക്കും സാധിച്ചിട്ടുണ്ട്. ഡോ. കെ എസ് രാധാകൃഷ്‌ണനാണ് ഇവിടെ താമര ചിഹ്നത്തില്‍ ജനവിധി തേടുന്നത്. ബിഡിജെഎസിന്‍റെ സഹായത്തോടെ വോട്ട് വിഹിതം രണ്ട് ലക്ഷത്തിന് അടുത്ത് എത്തിക്കാമെന്ന പ്രതീക്ഷയാണ് ബിജെപിയ്‌ക്ക്.