തിരുവനന്തപുരം : എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്‌ച തിങ്കളാഴ്‌ച തിരുവനന്തപുരത്ത് എകെജി സെന്‍ററില്‍ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയാകും. തെരഞ്ഞെടുപ്പിന്‍റെ അവലോകനത്തിനായാണ് തിങ്കളാഴ്‌ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നത്.
പ്രകാശ് ജാവദേക്കറുമായി തിരുവനന്തപുരം ആക്കുളത്തെ മകന്‍റെ ഫ്‌ളാറ്റില്‍ കൂടിക്കാഴ്‌ച നടത്തിയെന്ന് ഇന്നലെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയായിരുന്നു ഇ പി ജയരാജന്‍ സ്ഥിരീകരിച്ചത്. യുഡിഎഫ് കണ്ണൂര്‍ സ്ഥാനാര്‍ഥി കെ സുധാകരനായിരുന്നു ഇ പി, ജാവദേക്കറുമായി കൂടിക്കാഴ്‌ച നടത്തിയെന്ന് ആദ്യം ആരോപിച്ചത്.
പിന്നാലെ, പ്രകാശ് ജാവദേക്കര്‍ ഇ പി ജയരാജനുമായി ചര്‍ച്ച നടത്തിയെന്ന് പറഞ്ഞുകൊണ്ട് ബിജെപി നേതാവ് ശോഭാസുരേന്ദ്രനും രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനും ഇ പി ജയരാജനെതിരെ വിമര്‍ശനമുയര്‍ത്തി. ഇ പി ബന്ധങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് താക്കീത് നല്‍കിയ മുഖ്യമന്ത്രി 'ശിവന്‍ പാപിയുമായി കൂട്ട് കൂടിയാല്‍ ശിവനും പാപിയാകുമെന്ന' പഴഞ്ചൊല്ലും ഓര്‍മ്മിപ്പിച്ചു.
അതേസമയം കൂടിക്കാഴ്‌ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നായിരുന്നു ഇ പി ജയരാജന്‍റെ പ്രതികരണം. വിഷയം വോട്ടെടുപ്പ് ദിനത്തില്‍ തന്നെ ഉയര്‍ന്നത് പരമാവധി ഉപയോഗിക്കാനാണ് യുഡിഎഫ് നീക്കം. വോട്ടെടുപ്പ് ദിനത്തില്‍ പാര്‍ട്ടിയെ പിടിച്ചുകുലുക്കിയ സംഭവവികാസങ്ങള്‍ തിങ്കളാഴ്‌ച ചര്‍ച്ചയാകുമ്പോള്‍ ഇ പി ജയരാജന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ALSO READ:ഇ പിയുമായുള്ള കൂടിക്കാഴ്‌ച തള്ളാതെ ജാവദേക്കർ: നേതാക്കളെ കണ്ടാൽ എന്താണ് പ്രശ്‌നമെന്ന് മറുചോദ്യം