തിരുവനന്തപുരം: കലയുടെ മാമാങ്കത്തിന് കേരളത്തില്‍ അരങ്ങുണരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത് നടക്കാനിരിക്കേ വിപുലമായ ഒരുക്കങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അവസാന ഘട്ട പരിശീലനങ്ങളുമായി വിദ്യാലയങ്ങളും വിദ്യാര്‍ഥികളും സജീവം.
കലകളെ ജീവന് തുല്യം സ്‌നേഹിക്കുന്ന ഏത് വിദ്യാര്‍ഥിയുടെയും സ്വപ്‌നമാകും സംസ്ഥാന കലോത്സവ വേദി. നിരവധി കടമ്പകള്‍ കടന്നാണ് കലാ പ്രതിഭകള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയിലേക്ക് ചുവടുവയ്‌ക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല, സംഘാടകര്‍ക്കും നെഞ്ചിടിപ്പിന്‍റെ നാളുകളാണ് കലോത്സവങ്ങള്‍. പദ്ധതികള്‍ കടുകിട വ്യത്യാസത്തില്‍ പാളിയാല്‍ പരാജയപ്പെട്ടുപോകാവുന്ന ചീട്ടുകൊട്ടാരമാകും കലോത്സവങ്ങള്‍. അതിനാല്‍ നടത്തിപ്പിന്‍റെ എല്ലാ വശങ്ങളിലും കൃത്യത അത്യന്താപേക്ഷിതമാണ്.
കലോത്സവ മാന്വല്‍: സൂക്ഷ്‌മ അംശങ്ങള്‍ കണക്കിലെടുത്ത് കലോത്സവ നടത്തിപ്പിന് സംഘാടകരും വിദ്യാലയങ്ങളും കുട്ടികളും ഓര്‍ത്തിരിക്കേണ്ട കാര്യങ്ങള്‍ വ്യക്തമായി വിശദീകരിക്കുന്നതാണ് ഓരോ വര്‍ഷവും പുറത്തിറക്കുന്ന മാന്വലുകള്‍.
നാല് തലങ്ങളായുള്ള സംഘാടനം ഇങ്ങനെ: ആദ്യം സ്‌കൂള്‍ തലത്തില്‍ കലോത്സവം. സംഘാടക സമിതി രൂപീകരിച്ച് പൊതു ചടങ്ങായി നടത്തണം. സാംസ്‌കാരിക നായകരും പൊതു പ്രവര്‍ത്തകരും രക്ഷകര്‍ത്താക്കളും വിദ്യാര്‍ഥികളും അധ്യാപകരും അടങ്ങിയ കമ്മിറ്റികള്‍ക്കാണ് കലോത്സവത്തിന്‍റെ നടത്തിപ്പ് ചുമതല.
ഒരൊറ്റ കുട്ടിയില്‍ നിന്നും കലോത്സവത്തില്‍ പങ്കെടുക്കുന്നതിന് പ്രവേശന ഫീസ് ഈടാക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കലോത്സവ നടത്തിപ്പിനായി പിടിഎ ഫണ്ടില്‍ നിന്ന് തുക ചെലവഴിക്കാന്‍ ഹെഡ്‌മാസ്റ്റര്‍മാര്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്.
യുപി, എല്‍പി സ്‌കൂളുകള്‍ക്ക് 5,000 രൂപയും ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂളുകള്‍ക്ക് 10,000 രൂപയും പിടിഎ ഫണ്ടില്‍ നിന്ന് ചെലവാക്കാനാണ് അനുമതി. എ ഗ്രോഡോടുകൂടി ഉയര്‍ന്ന സ്കോര്‍ നേടിയവരെ മാത്രമേ ഉപജില്ലാ കലോത്സവത്തിന് അയക്കേണ്ടതുള്ളൂ.
ആര്‍ക്കും എ ഗ്രേഡില്ലെങ്കില്‍ ആരേയും ഉപജില്ലയിലേക്ക് അയക്കേണ്ടതില്ല. ഒരു കുട്ടി മാത്രമേ പങ്കെടുക്കാനുള്ളൂ എങ്കില്‍പ്പോലും മത്സരം നടത്തി എ ഗ്രേഡിന് അര്‍ഹതയുണ്ടെങ്കില്‍ ഉപജില്ലാ തല മത്‌സരത്തിന് അയക്കണം.
ഉപജില്ലാ തലം: സ്‌കൂള്‍ തലത്തില്‍ വിജയിച്ചെത്തുന്ന കുട്ടികള്‍ക്ക് അടുത്ത മത്സര വേദി ഉപജില്ലാ തലത്തിലാണ്. ഉപജില്ലാ കലോത്സവങ്ങള്‍ നാല് ദിവസം കൊണ്ട് പൂര്‍ത്തിയാക്കണമെന്നാണ് മാന്വല്‍ നിര്‍ദേശിക്കുന്നത്. മത്സരങ്ങള്‍ മിക്കതും പകല്‍ സമയത്ത് തീര്‍ക്കണമെന്നും മാന്വല്‍ പറയുന്നു.
ഹൈസ്‌കൂളുകളോ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളോ ഉപജില്ലാ കലോത്സവത്തിന് വേദിയാകും. ഓരോ ജില്ലയിലേക്കും പരിഗണിക്കാവുന്ന വിധികര്‍ത്താക്കളുടെ പാനല്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസറാണ് മുന്‍കൂര്‍ തയാറാക്കേണ്ടത്. മുന്‍കൂട്ടി തയാറാക്കിയ പാനലില്‍ നിന്നും ഓരോ മത്സരത്തിന്‍റേയും വിധികര്‍ത്താക്കളെ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് നിശ്ചയിക്കാം. ഒരിനത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികളുടേയും പ്രകടനങ്ങള്‍ വിലയിരുത്തുന്നത് ഒരു സംഘം വിധി കര്‍ത്താക്കള്‍ തന്നെയാകണം.
ഓരോ ഇനത്തിലും മത്സരം തുടങ്ങുന്നതിന് മുമ്പ് വിധികര്‍ത്താക്കളുടെ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ വേദിയില്‍ പ്രഖ്യാപിക്കണമെന്നും മാന്വല്‍ നിഷ്‌കര്‍ഷിക്കുന്നു. ഉപജില്ലാ മത്സരങ്ങളില്‍ പങ്കെടുക്കാനെത്തുന്ന കുട്ടികളുടെ മേല്‍നോട്ടത്തിന് ഓരോ സ്‌കൂളും ആവശ്യത്തിന് അധ്യാപകരെ നിയോഗിക്കണം. പെണ്‍കുട്ടികള്‍ ഉള്ള സംഘമാണെങ്കില്‍ ആവശ്യത്തിന് അധ്യാപികമാരേയും മേല്‍നോട്ടത്തിന് നിയോഗിക്കണം. ഉപജില്ലാ മത്സരങ്ങളില്‍ എ ഗ്രേഡ് കിട്ടിയ മുഴുവന്‍ കുട്ടികള്‍ക്കും റവന്യൂ ജില്ലാ തല മത്സരത്തില്‍ പങ്കെടുക്കാനാവില്ല.
പക്ഷേ എ ഗ്രേഡ് കിട്ടിയ കുട്ടികള്‍ക്കെല്ലാം വിദ്യാഭ്യാസ വകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കും. റവന്യൂ ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയവരുടെ ലിസ്റ്റ് ജില്ലാ കലോത്സത്തിന് അഞ്ച് ദിവസം മുമ്പെങ്കിലും ഉപജില്ലയില്‍ നിന്ന് വിദ്യാഭ്യാസ ഉപ ഡയറക്‌ടര്‍ക്കും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ക്കും എത്തിക്കണം.
വെട്ടും തിരുത്തുമില്ലാത്ത സ്കോര്‍ ഷീറ്റാണ് നല്‍കേണ്ടത്. തിരുത്തലുകളുണ്ടെങ്കില്‍ വിധിനിര്‍ണയം നടത്തിയ ആള്‍ തന്നെ യഥാ സ്ഥാനങ്ങളില്‍ ഒപ്പ് വച്ചിരിക്കണം. ഓരോ കുട്ടിക്കും ലഭിച്ച മാര്‍ക്കുകളും ഫലം തയാറാക്കിയ ടാബുലേഷന്‍ ഷീറ്റുകളും മുദ്ര വച്ച് മൂന്ന് മാസം വരെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സൂക്ഷിക്കും.
അപ്പീല്‍ കമ്മിറ്റിയോ മേലധികാരികളോ ആവശ്യപ്പെട്ടാല്‍ ഈ ഷീറ്റുകള്‍ എഇഒ ഹാജരാക്കണം. മത്സരം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ വിധികര്‍ത്താക്കളുടെ സാന്നിധ്യത്തില്‍ സ്റ്റേജ് മാനേജറാണ് ടാബുലേഷന്‍ ഷീറ്റ് തയാറാക്കേണ്ടത്. വിധി കര്‍ത്താക്കളുടെ ഒപ്പ് രേഖപ്പെടുത്തിയ ശേഷം അവരിലൊരാളാണ് ഫലം പ്രഖ്യാപിക്കേണ്ടത്.
മത്സര ഫലത്തെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ ഫലം പ്രഖ്യാപിച്ച് ഒരു മണിക്കൂറിനകം 1000 രൂപ ഫീസ് സഹിതം അപ്പീല്‍ കമ്മിറ്റി മുമ്പാകെ പരാതിപ്പെടാം. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അധ്യക്ഷനായ 5 അംഗ അപ്പീല്‍ സമിതി നിശ്ചിത മാതൃകയില്‍ ലഭിക്കുന്ന പരാതി പരിശോധിച്ച് പരമാവധി അഞ്ച് ദിവസത്തിനകം അല്ലെങ്കില്‍ റവന്യൂ കലോത്സവത്തിന് മുമ്പ് തീരുമാനമെടുക്കും.
റവന്യൂ ജില്ലാ തലം: ഉപജില്ലാ കലോത്സവത്തില്‍ എ ഗ്രേഡോടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയവര്‍ക്കാണ് റവന്യൂ ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കാന്‍ യോഗ്യതയുള്ളത്. ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, കോര്‍പ്പറേഷന്‍ മേയര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്മാര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍, ജില്ലാ കലക്‌ടര്‍, ജില്ലാ പൊലീസ് സൂപ്രണ്ട്, വിവിധ വകുപ്പ് തലവന്മാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍, അധ്യാപക സംഘടനാ പ്രതിനിധികള്‍, സ്‌കൂള്‍ പാര്‍ലമെന്‍റ് പിടിഎ പ്രസിഡന്‍റ് സാംസ്‌കാരിക നായകന്മാര്‍ എന്നിവരടങ്ങുന്നതാകണം ജില്ലാ യുവജനോത്സവ നടത്തിപ്പിനുള്ള സ്വാഗത സംഘം.
പരമാവധി അഞ്ച് ദിവസത്തിനകം റവന്യൂ ജില്ലാ കലോത്സവം പൂര്‍ത്തിയാക്കണം. എല്ലാ വര്‍ഷവും നവംബര്‍ അവസാന വാരത്തിനകം റവന്യൂ ജില്ലാ കലോത്സവം നടത്തിയിരിക്കണം. ജില്ലാ കലോത്സവത്തില്‍ വിധി നിര്‍ണയിക്കാന്‍ പരിഗണിക്കപ്പെടാവുന്നവരുടെ പാനല്‍ പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ തയ്യാറാക്കും. ഇതില്‍ നിന്ന് ഉപ വിദ്യാഭ്യാസ ഡയറക്‌ടര്‍ക്ക് ഓരോ മത്സരത്തിനുമുള്ള വിധി കര്‍ത്താക്കളെ നിശ്ചയിക്കാം.
വിധികര്‍ത്താക്കള്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. വിധി നിര്‍ണയം പൂര്‍ത്തിയാകുന്നത് വരെ അവര്‍ ഈ കാര്‍ഡ് ധരിച്ചിരിക്കണം. മത്സരം കഴിഞ്ഞാല്‍ നിര്‍ബന്ധമായും ഈ കാര്‍ഡ് സ്റ്റേജ് കമ്മിറ്റിക്ക് തിരികെ ഏല്‍പ്പിക്കണം. മത്സരത്തിന്‍റെ വിധി നിര്‍ണയത്തിന് കയറുന്നതിന് മുമ്പ് വിധി കര്‍ത്താക്കള്‍ക്ക് മൂല്യ നിര്‍ണയത്തില്‍ പരിഗണിക്കേണ്ട ഘടകങ്ങളെക്കുറിച്ച് വ്യക്തമായ സൂചകങ്ങള്‍ നല്‍കണം. ഏതൊക്കെ വശങ്ങള്‍ പരിഗണിച്ചാണ് മൂല്യ നിര്‍ണയം നടത്തേണ്ടതെന്ന് മാന്വല്‍ വ്യക്തമാക്കുന്നുണ്ട്.
ഇതിനായി തയാറാക്കി വച്ച സ്കോര്‍ ഷീറ്റുകള്‍ സംഘാടകര്‍ ജഡ്‌ജസിന് നല്‍കണം. ഇതിനൊപ്പം ഓരോ കുട്ടിയുടേയും പ്രകടനത്തിന്‍റെ വിശദമായ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള അഡിഷണല്‍ ഷീറ്റുകളും നല്‍കണം. മൂല്യ നിര്‍ണയത്തിന് ശേഷം ഈ രണ്ട് ഷീറ്റുകളും തിരികെ വാങ്ങണം. മാര്‍ക്ക് ലിസ്റ്റില്‍ വെട്ടും തിരുത്തുമുണ്ടെങ്കില്‍ വിധികര്‍ത്താവ് തന്നെ അവിടെ ഒപ്പ് രേഖപ്പെടുത്തണം. വിധികര്‍ത്താക്കളുടെ സാന്നിധ്യത്തില്‍ സ്റ്റേജ് മാനേജറാണ് മാര്‍ക്ക് ടാബുലേറ്റ് ചെയ്യേണ്ടത്.
ഫലപ്രഖ്യാപനത്തിലും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. വിധികര്‍ത്താക്കളില്‍ ഒരാളായിരിക്കണം സ്റ്റേജില്‍ വിധി പ്രഖ്യാപിക്കേണ്ടത്. പക്ഷേ സംസ്ഥാന കലോത്സവത്തിലേക്ക് അര്‍ഹത നേടിയ കുട്ടിയുടെ പേര് പ്രഖ്യാപിക്കരുത്. മത്സരാര്‍ഥിയുടെ കോഡ് നമ്പരും ലഭിച്ച ഗ്രേഡും മാത്രമായിരിക്കണം പ്രഖ്യാപിക്കേണ്ടത്. മൂല്യ നിര്‍ണയത്തെക്കുറിച്ച് പരാതികളുണ്ടെങ്കില്‍ പരിഹരിക്കേണ്ടത് എങ്ങനെയെന്നും മാന്വലില്‍ പറയുന്നുണ്ട്.
ജില്ലാ തലത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ അധ്യക്ഷനായുള്ള അപ്പീല്‍ കമ്മിറ്റിയില്‍ ചെയര്‍മാന്‍ അടക്കം 9 അംഗങ്ങള്‍ വേണം. ശാസ്ത്രീയ നൃത്തം, ശാസ്ത്രീയ സംഗീതം, ഉപകരണ സംഗീതം, ചിത്രകല, താളവാദ്യം, ഭാഷാ സാഹിത്യം, നാട്യകല എന്നിവയിലെ വിദഗ്‌ധര്‍ കമ്മിറ്റിയിലുണ്ടാവണം.
പരാതികള്‍ പരിശോധിക്കുന്ന അപ്പീല്‍ കമ്മിറ്റിയില്‍ മത്സര ഇനങ്ങളുടെ സാങ്കേതികവും നിയമപരവുമായ കാര്യങ്ങളാണ് പരിശോധിക്കപ്പെടുക. വീഡിയോ റെക്കോഡ് വേണമെങ്കില്‍ പരിശോധിക്കാവുന്നതാണ്.
പുനരവതരണവും പുനര്‍ മൂല്യനിര്‍ണയവും അനുവദനീയമല്ല. കാര്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് കൃത്യമായ ഫോറത്തിലാണ് അപ്പീല്‍ തീര്‍പ്പാക്കേണ്ടത്. റവന്യൂ ജില്ലാ തലത്തില്‍ 2000 രൂപയാണ് അപ്പീല്‍ ഫീസ്.
അപ്പീല്‍ അനുകൂലമായാല്‍ അപ്പീല്‍ ഫീസ് മുഴുവനും തിരികെ നല്‍കും. ഉപജില്ലകളിലേതിന് സമാനമായി എ ഗ്രേഡോടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ ലഭിച്ച കുട്ടിക്കോ ടീമിനോ മാത്രമാണ് അതാത് ജില്ലയില്‍ നിന്ന് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്.
സംസ്ഥാന തലം: മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ജില്ലയില്‍ നിന്നുള്ള മന്ത്രിമാരും മുഖ്യ രക്ഷാധികാരികളും കലോത്സവം നടക്കുന്ന ജില്ലയില്‍ നിന്നുള്ള എംപി, എംഎല്‍എ മേയര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, നഗരസഭാ ചെയര്‍മാന്മാര്‍ എന്നിവര്‍ രക്ഷാധികാരികളും പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ പ്രസിഡന്‍റുമായ വിപുലമായ സംഘാടക സമിതിക്കാണ് സംസ്ഥാന കലോത്സവത്തിന്‍റെ നടത്തിപ്പ് ചുമതല.
സംസ്ഥാന കലോത്സവത്തിന് വിധി നിര്‍ണയത്തെക്കുറിച്ച് പരാതികളുണ്ടെങ്കില്‍ 2,500 രൂപ ഫീസ് സഹിതം ഫല പ്രഖ്യാപനത്തിന് ഒരു മണിക്കൂറിനകം അപ്പീല്‍ നല്‍കാവുന്നതാണ്. മത്സരാര്‍ഥിക്കോ ടീം മാനേജര്‍ക്കോ അപ്പീല്‍ നല്‍കാം. ജില്ലാ തലത്തില്‍ നിന്ന് അപ്പീലിലൂടെ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ 5,000 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി നല്‍കണം.
ജില്ലാ തലത്തില്‍ ജേതാവായി എത്തുന്ന മത്സരാര്‍ഥിയുടേതിന് ഒപ്പമോ അതില്‍ കൂടുതലോ സ്കോര്‍ നേടിയില്ലെങ്കില്‍ ഡെപ്പോസിറ്റും സര്‍ട്ടിഫിക്കറ്റും ലഭിക്കില്ല. ഗ്രേഡ് ലഭിക്കുന്നതിനും ഇതേ മാനദണ്ഡം പരിഗണിക്കപ്പെടും. കോടതി വിധി വഴി മത്സരിക്കാന്‍ എത്തുന്നവര്‍ക്കും ഇതേ മാനദണ്ഡം ബാധകമായിരിക്കും. പൊതു വിദ്യാഭ്യാസ ഡയറക്‌ടറുടെ നേതൃത്വത്തില്‍ വിവിധ മേഖലകളിലെ വിദഗ്‌ധര്‍ അടങ്ങിയ 11 അംഗ അപ്പീല്‍ കമ്മിറ്റിയാണ് പരാതികള്‍ പരിശോധിച്ച് തീരുമാനമെടുക്കുക.
കലോത്സവ നടത്തിപ്പിനായി 16 സബ് കമ്മിറ്റികളും പ്രവൃത്തിക്കും. ജനപ്രതിനിധികളായിരിക്കും ഈ സബ്‌കമ്മിറ്റി ചെയര്‍മാന്മാര്‍. അധ്യാപക സംഘടനാ പ്രതിനിധികള്‍ കണ്‍വീനര്‍മാരായും വരും.
കമ്മിറ്റികള്‍:
സ്വീകരണക്കമ്മിറ്റി: കലോത്സവത്തിന്‍റെ ഉദ്ഘാടന, സമാപന ചടങ്ങുകള്‍ക്കാവശ്യമായ അതിഥികളെ ക്ഷണിക്കലും ചടങ്ങുകള്‍ ചിട്ടയോടെ സംഘടപ്പിക്കലുമാണ് ഈ കമ്മിറ്റിയുടെ പ്രധാന ചുമതല. ക്ഷണിക്കേണ്ടവരുടെ ലിസ്റ്റ് തയാറാക്കേണ്ടതും ക്ഷണക്കത്തുകള്‍ അടിച്ച് വിതരണം ചെയ്യേണ്ടതും ഇവരാണ്.
സ്വാഗത ഗാനം തയാറാക്കി അവതരിപ്പിക്കേണ്ടതും സ്വീകരണ കമ്മിറ്റിയുടെ ചുമതലയാണ്. വിവിധ ജില്ലകളില്‍ നിന്നെത്തുന്ന ടീമുകളെ സ്വീകരിക്കേണ്ടതും സ്വീകരണ കമ്മിറ്റിയാണ്.
ഭക്ഷ്യകാര്യ കമ്മിറ്റി: കലോത്സവത്തിലെ ഏറ്റവും തിരക്ക് പിടിച്ച കമ്മിറ്റികളിലൊന്നാണ് ഫുഡ് കമ്മിറ്റി. മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍, ഒപ്പമെത്തുന്ന അധ്യാപകര്‍, വിധികര്‍ത്താക്കള്‍, വിശിഷ്‌ടാതിഥികള്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, വൊളന്‍റിയര്‍മാര്‍, വിവിധ കമ്മിറ്റി പ്രതിനിധികള്‍, എന്നിവര്‍ക്കെല്ലാം സമയാസമയങ്ങളില്‍ ഭക്ഷണം നല്‍കേണ്ട ചുമതല ഫുഡ് കമ്മിറ്റിക്കാണ്.
വിധികര്‍ത്താക്കളും മത്സരാര്‍ഥികളും തമ്മില്‍ നേരിട്ട് ഇടപഴകാന്‍ ഇടവരാത്ത തരത്തില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുക, ഭക്ഷണ കൂപ്പണുകള്‍ അച്ചടിച്ച് രജിസ്ട്രേഷന്‍ കമ്മിറ്റിയെ ഏല്‍പ്പിക്കുക എന്നിവയും ഇവരുടെ ചുമതലയാണ്.
പ്രോഗ്രാം കമ്മിറ്റി: ഏറ്റവും ഉത്തരവാദിത്തമേറിയ സബ്‌കമ്മിറ്റിയാണ് പ്രോഗ്രാം കമ്മിറ്റി. മത്സരങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടത്താനുള്ള പൂര്‍ണ ഉത്തരവാദിത്തം ഇവര്‍ക്കാണ്. ജില്ലകളില്‍ നിന്ന് ലഭിക്കുന്ന മത്സരാര്‍ഥികളുടെ ലിസ്റ്റ് പരിശോധിച്ച് പിഴവുകളുണ്ടെങ്കില്‍ തിരുത്തി അന്തിമ പട്ടിക തയാറാക്കേണ്ടത് ഈ കമ്മിറ്റിയാണ്.
ഓരോ മത്സരത്തിനും ആവശ്യമായ സ്കോര്‍ ഷീറ്റ്, ടൈം ഷീറ്റ്, ടാബുലേഷന്‍ ഷീറ്റ്, സ്കോര്‍ ബോര്‍ഡ് തുടങ്ങിയവ തയാറാക്കണം. മത്സരങ്ങള്‍ക്കുള്ള വിശദമായ കാര്യ പരിപാടി, മത്സരാര്‍ഥികള്‍ക്കുള്ള കോഡ് നമ്പറുകള്‍, നടത്തിപ്പിനുള്ള അധ്യാപകരെ നിയോഗിച്ച് ചുമതല നിശ്ചയിച്ച നല്‍കല്‍, വിവിധ വേദികളില്‍ അറിയിപ്പ് നല്‍കല്‍, സമയ കൃത്യത ഉറപ്പ് വരുത്തല്‍, സ്കോര്‍ ബോര്‍ഡില്‍ യഥാ സമയം പോയിന്‍റ് രേഖപ്പെടുത്തല്‍, മത്സര ഫലങ്ങള്‍ ട്രോപി കമ്മിറ്റിക്കും പ്രചാരണ കമ്മിറ്റിക്കും നല്‍കല്‍, സര്‍ട്ടിഫിക്കറ്റുകള്‍ യഥാ സമയം തയാറാക്കി നല്‍കല്‍, തുടങ്ങി ജോലികള്‍ പ്രോഗ്രാം കമ്മിറ്റിയുടെ ഉത്തരവാദിത്വമാണ്.