തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സര്‍വ്വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്‍റെ മരണം ഹൈക്കോടതി മുന്‍ ജഡ്‌ജി എ ഹരിപ്രസാദ് അന്വേഷിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് അന്വേഷണ കമ്മീഷനെ നിശ്ചയിച്ചു കൊണ്ട് ഉത്തരവു പുറപ്പെടുവിച്ചത്.
സിദ്ധാര്‍ത്ഥന്‍റെ മരണത്തിലേക്ക് നയിച്ച ഭരണപരവും നിയമപരവുമായ വീഴ്‌ചകള്‍ അന്വേഷിക്കുന്നതിന് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് ഗവര്‍ണര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിനാവശ്യായ ജഡ്‌ജിമാരുടെ പാനല്‍ നല്‍കണമെന്ന് അദ്ദേഹം ഹൈക്കോടതി ചീഫ് ജസ്‌റ്റിസിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു.
അന്വേഷണ കമ്മീഷനായ എ ഹരിപ്രസാദുമായി കൂടിക്കാഴ്‌ച നടത്തുന്ന ഗവര്‍ണര്‍ ഇതിന്‍റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി നല്‍കിയ ജഡ്‌ജിമാരുടെ പാനലില്‍ നിന്നാണ് ജസ്‌റ്റിസ് ഹരിപ്രസാദിനെ തെരഞ്ഞെടുത്തതെന്ന് രാജ്ഭവന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്‌തമാക്കി. കമ്മീഷനെ സഹായിക്കാന്‍ വയനാട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്‌പി വി ജി കുഞ്ഞനെയും നിയമിച്ചു.
അന്വേഷണ വിഷയങ്ങള്‍
സിദ്ധാര്‍ത്ഥിന്‍റെ മരണത്തിലേക്കു നയിച്ച ഭരണ പരമായ വീഴ്‌ചകള്‍, വെറ്റിനറി സര്‍വ്വകലാശാലയുടെ ഭാഗത്തു നിന്നുണ്ടായതായി ആക്ഷേപമുയര്‍ന്ന, പ്രത്യേകിച്ച് വൈസ് ചാന്‍സലര്‍, ഡീന്‍ എന്നിവര്‍ വരുത്തിയ വീഴ്‌ചകള്‍, നടപടികള്‍ സ്വീകരിക്കുന്നതിലുണ്ടായ വീഴ്‌ചകള്‍, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവയാണ് അന്വേഷണ കമ്മിഷന്‍റെ പരിഗണനാവിഷയങ്ങള്‍.
കമ്മിഷന്‍റെ ആദ്യ സിറ്റിങ്ങ് മുതല്‍ മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കണം. അന്വേഷണത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും, ആവശ്യമായ ചെലവുകളും വെറ്റിനറി സര്‍വ്വകലാശാല വഹിക്കണമെന്നും രാജ്ഭവന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Also Read:സിദ്ധാര്‍ത്ഥിന്‍റെ മരണം: സിബിഐ അന്വേഷണം വൈകിയതില്‍ രൂക്ഷവിമര്‍ശനം; പിന്നാലെ അന്വേഷണവും ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷനും