കണ്ണൂര്‍:ആറളം ഫാമില്‍ നിന്നും പുനരധിവാസ മേഖലയില്‍ നിന്നും കാടുകയറ്റിയ ആനകളെല്ലാം തിരിച്ചെത്തുന്നു. ഓപ്പറേഷന്‍ എലിഫൻ്റ് പദ്ധതി പ്രകാരം ദൗത്യസംഘം തുരത്തി കാടുകയറ്റിയ ആനകളെല്ലാം വീണ്ടും ആറളം ഫാമിലും പുനരധിവാസ കേന്ദ്രത്തിലും തിരിച്ചെത്തുകയാണ്. 37.9 കോടി രൂപ ചെലവില്‍ 10.5 കിലോമീറ്റര്‍ ദൂരത്തില്‍ ആനമതില്‍ പൂര്‍ത്തീകരിക്കുന്ന പദ്ധതിയുടെ കാര്യത്തില്‍ അനാസ്ഥ തുടരുകയാണ്.
ആനമതില്‍ പൂര്‍ത്തീകരിച്ചെങ്കില്‍ മാത്രമേ ആറളം മേഖലയിലും പ്രത്യേകിച്ച് പുനരധിവാസ മേഖലയിലെ ജനങ്ങള്‍ക്കും സ്വൈര്യമായി ഉറങ്ങാന്‍ കഴിയുകയുള്ളൂ. ആറളം ഫാമിലെ ഒന്ന് മുതല്‍ ആറ് വരെയുളള ബ്ലോക്കുകളില്‍ വൈദ്യുത വേലി സ്ഥാപിച്ചതിനാല്‍ ആനകള്‍ പ്രവേശിക്കുന്നില്ല. എന്നാല്‍ മറ്റുള്ള ബ്ലോക്കുകളിലെല്ലാം ആനകള്‍ കൂട്ടമായി എത്തുകയാണ്. ആറളം മേഖല തന്നെ ആനകള്‍ ലക്ഷ്യം വെക്കുന്നതിനാല്‍ വനപാലകര്‍ക്ക് ഉറക്കമില്ലാത്ത അവസ്ഥയാണ്.